കൊച്ചി : മെൻസ്ട്രൽ കപ്പിനുള്ളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത് . ആലപ്പുഴ സ്വദേശി സരിത (30), പങ്കാളി തൃക്കുന്നപ്പുഴ സ്വദേശി മുഹമ്മദ് ഷാഫി (29) എന്നിവരെയാണ് എംഡിഎംഎ കടത്തിയതിന് എക്സൈസ് അറസ്റ്റ് ചെയ്തത്. 65.27 ഗ്രാം എംഡിഎംഎയാണ് ഷാഫിയിൽ നിന്നും കണ്ടെത്തിയത്. 28.76 ഗ്രാം മയക്കുമരുന്നാണ് സരിതയിൽ നിന്നും പിടികൂടിയത്.
ഹോം നഴ്സും വിവാഹമോചിതയുമായ സരിത കഴിഞ്ഞ നാല് വർഷമായി മുഹമ്മദ് ഷാഫിയുമായി അടുപ്പത്തിലായിരുന്നു. ഷാഫി ഇതിനകം ആലപ്പുഴയിൽ രണ്ട് മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. എംഡിഎംഎ വാങ്ങാൻ ഷാഫി പതിവായി ബെംഗളൂരുവിലേക്ക് യാത്ര ചെയ്തിരുന്നുവെന്നും, പൊലീസ് പരിശോധന ഒഴിവാക്കാൻ ബസിലാണ് കേരളത്തിലേക്ക് ലഹരിമരുന്ന് കൊണ്ടുപോയിരുന്നതെന്നും, ഇടയ്ക്ക് ബസ് മാറി കയറിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
മെൻസ്ട്രൽ കപ്പിനുള്ളിൽ എം ഡി എം എ നിറച്ച് പശ ഉപയോഗിച്ച് അടച്ച ശേഷം അത് സ്വകാര്യഭാഗത്ത് ഒളിപ്പിച്ചാണ് സരിത ലഹരിമരുന്ന് കടത്തിയിരുന്നത് . ബെംഗളൂരുവിൽ നിന്ന് ബസിൽ വരുന്നതിനിടെ കണ്ണൂർ ഇരിട്ടിയിൽ പരിശോധന നടന്നപ്പോൾ ഷാഫി കയ്യിലുണ്ടായിരുന്ന എം ഡി എം എ ഉപേക്ഷിച്ചിരുന്നു. സരിത സ്വകാര്യഭാഗത്ത് ഒളിപ്പിച്ചതിനാൽ മയക്കുമരുന്ന് കണ്ടെത്താനുമായില്ല. ഇതേ മയക്കുമരുന്നാണ് ഇരുവരും കൊച്ചിയിൽ വിൽക്കാൻ ശ്രമിച്ചത്.
ഇവരിൽ നിന്ന് എംഡിഎംഎ വാങ്ങിയ ആളെ അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് ഇരുവരെയും കുടുക്കാൻ എക്സൈസ് വകുപ്പ് ഓപ്പറേഷൻ ആരംഭിച്ചത് . എറണാകുളം സൗത്ത് മേഖലയിലെ ഒരു ലോഡ്ജിൽ നിന്ന് ആദ്യം ഷാഫിയെയാണ് പിടികൂടിയത്. അതേസമയം, സരിത ആലപ്പുഴയിൽ ലഹരി വിൽപനയ്ക്കായി പോയിരുന്നതിനാൽ ഉദ്യോഗസ്ഥർ ലോഡ്ജിൽ തന്നെ കാത്തിരുന്നു. രാത്രി 10.30ഓടെ എറണാകുളത്ത് തിരിച്ചെത്തിയ സരിതയെയും അറസ്റ്റ് ചെയ്തു.

