ന്യൂഡൽഹി : വെനിസ്വേലയിലെ സംഭവവികാസങ്ങൾ വളരെയധികം ആശങ്കാജനകമാണെന്ന് ഇന്ത്യ . പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും തലസ്ഥാനമായ കാരക്കാസിൽ നിന്ന് യുഎസ് പ്രത്യേക സേന പിടികൂടിയതിന് ശേഷമുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യ വ്യക്തമാക്കി.
“വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യ പിന്തുണ വീണ്ടും ഉറപ്പിക്കുന്നു. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കിക്കൊണ്ട്, സംഭാഷണത്തിലൂടെ സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ ബന്ധപ്പെട്ട എല്ലാവരോടും അഭ്യർത്ഥിക്കുന്നു . കാരക്കാസിലെ ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നത് തുടരും,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മാസങ്ങൾ നീണ്ട ഭീഷണികൾക്കും സമ്മർദ്ദ തന്ത്രങ്ങൾക്കും ശേഷം, ഇന്നലെയാണ് അമേരിക്ക വെനിസ്വേലയിൽ വ്യോമാക്രമണം നടത്തിയത് . ഇടതുപക്ഷ നേതാവ് മഡുറോയെയും, ഭാര്യയെയും ന്യൂയോർക്കിൽ വിചാരണയ്ക്കായി കൊണ്ടു പോകുകയും ചെയ്തു. മാത്രമല്ല വെനിസ്വേലയയെ ഇനി യുഎസ് നയിക്കുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പറഞ്ഞു.

