കാസർഗോഡ്: അമിത രക്തസ്രാവം മൂലം 16 കാരി മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസർഗോഡ് വെള്ളരിക്കുണ്ട് എന്ന സ്ഥലത്താണ് സംഭവം. മരിച്ച പെൺകുട്ടി പരപ്പ സ്വദേശിയാണ്. അമിത രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടിയെ ഇന്നലെ രാവിലെ കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, ആരോഗ്യം വഷളായതിനെ തുടർന്ന് പിന്നീട് മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈദ്യപരിശോധനയിൽ പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഗർഭഛിദ്രത്തിന് മരുന്ന് നൽകിയതായും ആരോപണമുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് വെള്ളരിക്കുണ്ട് പോലീസ് പറഞ്ഞു. പെൺകുട്ടിക്ക് സഹപാഠിയുമായി ബന്ധമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളെയും മറ്റുള്ളവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

