ഭോപ്പാൽ: ചുമയ്ക്കുള്ള മരുന്ന് കഴിച്ച് 11 കുട്ടികൾ മരിച്ച സംഭവത്തിൽ ശിശുരോഗ വിദഗ്ദ്ധൻ അറസ്റ്റിൽ. മധ്യപ്രദേശിൽ ചിന്ദ്വാരയിൽ നിന്നുള്ള പ്രവീൺ സോണിയെയാണ് അറസ്റ്റ് ചെയ്തത്. കുട്ടികൾക്ക് കോൾഡ്രിഫ് സിറപ്പ് നിർദ്ദേശിച്ചത് പ്രവീൺ സോണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.സർക്കാർ ആശുപത്രിയിലെ ഡോക്ടറായ പ്രവീൺ ഒരു സ്വകാര്യ ക്ലിനിക്കും നടത്തിയിരുന്നു, അവിടെ പ്രദേശത്തെ മിക്ക കുട്ടികളും ചികിത്സ തേടി എത്തിയിരുന്നു.
തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോൾഡ്രിഫ് കഫ് സിറപ്പ് കമ്പനി ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ മധ്യപ്രദേശ് സർക്കാർ കേസ് ഫയൽ ചെയ്തു. സാമ്പിൾ പരിശോധനയിൽ മരുന്നിൽ 48.6 ശതമാനം ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സർക്കാർ നേരത്തെ കോൾഡ്രിഫിന്റെ വിൽപ്പന നിരോധിച്ചിരുന്നു. ചെന്നൈയിലെ ഒരു മരുന്ന് പരിശോധനാ ലബോറട്ടറിയിൽ പരീക്ഷിച്ച സിറപ്പ് നിലവാരമില്ലാത്തതാണെന്ന് തമിഴ്നാട് ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു
മുൻകരുതൽ നടപടിയായി, കോൾഡ്രിഫിന്റെയും മറ്റൊരു കഫ് സിറപ്പായ ‘നെക്സ്ട്രോ-ഡിഎസ്’ ന്റെയും വിൽപ്പന അധികൃതർ നിരോധിച്ചു. കോൾഡ്രിഫിന്റെ പരിശോധനാ റിപ്പോർട്ട് ശനിയാഴ്ച ലഭിച്ചു. നെക്സ്ട്രോ-ഡിഎസിന്റെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. രാജ്യത്തുടനീളം കോൾഡ്രിഫ് സിറപ്പ് കഴിച്ച് ഇതുവരെ 14 കുട്ടികൾ മരിച്ചു. കേരളത്തിലും തെലങ്കാനയിലും ‘കോൾഡ്രിഫ്’ നിരോധിച്ചിട്ടുണ്ട്. കോൾഡ്രിഫ് സിറപ്പിന്റെ SR13 ബാച്ചിൽ ഒരു പ്രശ്നം കണ്ടെത്തിയതായി കേരളത്തിന് പുറത്തുനിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്തെ മരുന്ന് കടകളോ ആശുപത്രികളോ ഈ സിറപ്പ് വിൽക്കുകയോ നൽകുകയോ ചെയ്യരുതെന്നും നിർദേശിച്ചു.

