ബെംഗളൂരു ; കർണാടകയിൽ കോവിഡ് മരണം . കൊറോണ വൈറസ് ബാധിച്ച 85 കാരൻ മരിച്ചു. ശനിയാഴ്ച സംസ്ഥാനത്ത് അഞ്ച് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് കൊറോണ വൈറസ് ബാധിച്ച് 85 വയസ്സുള്ള വയോധികൻ മരിച്ചത് . സംസ്ഥാനത്ത് ആകെ 38 കോവിഡ് കേസുകൾ കണ്ടെത്തിയിട്ടുണ്ട് . അതിൽ 32 എണ്ണം ബെംഗളൂരുവിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച വിജയനഗർ ജില്ലയിൽ ഒരാൾക്കും മൈസൂരിൽ രണ്ട് പേർക്കും ബെംഗളൂരുവിൽ രണ്ട് പേർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.വിജയനഗർ ജില്ലയിൽ 54 വയസ്സുള്ള സ്ത്രീക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കടുത്ത ജലദോഷവും ചുമയും അനുഭവപ്പെട്ടതിനു പിന്നാലെ ബെല്ലാരിയിലെ വിംസ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത് . അടുത്തിടെയാണ് ഇവർ മുംബൈയിൽ നിന്ന് മടങ്ങിയെത്തിയത്.
ബെൽഗാം നഗരത്തിൽ ഗർഭിണിയായ സ്ത്രീക്ക് കൊറോണ ബാധിച്ച് ബെൽഗാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ബെൽഗാം ഡിഎച്ച്ഒ ഡോ. ഈശ്വര ഗഡാഡി അറിയിച്ചു. അതേസമയം ധാർവാഡ് ജില്ലാ ആശുപത്രിയിൽ വെന്റിലേറ്റർ സംവിധാനമുള്ള 10 കിടക്കകളുള്ള അത്യാധുനിക ഐസിയു വാർഡ് തുറന്നു.
കോവിഡ് കേസുകൾ വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ സാങ്കേതിക ഉപദേശക സമിതി യോഗം ചേർന്നു. യോഗത്തിൽ സംസ്ഥാനത്തെ 8 മെഡിക്കൽ കോളേജുകളിൽ ഞായറാഴ്ച (മെയ് 25) മുതൽ കോവിഡ് പരിശോധന പുനരാരംഭിക്കാൻ മന്ത്രി നിർദ്ദേശിച്ചു.

