ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി എണ്ണ കമ്പനികൾ. 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് ഏകദേശം 18 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറിൻ്റെ വില 1818.50 രൂപയായി. നേരത്തേ ഇത് 1802 രൂപയായിരുന്നു.
നവംബർ ഒന്നാം തീയതിയും സിലിണ്ടറിൻ്റെ വില വർധിപ്പിച്ചിരുന്നു. കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടർ വില 1927 രൂപയാണ്. നേരത്തേ ഇത് 1911.50 രൂപയായിരുന്നു. മുംബൈൽ സിലിണ്ടറിന്റെ വില 1754.50 രൂപയായിരുന്നു. ഇത് ഇപ്പോൾ 1771 രൂപയായി ഉയർന്നു. ചെന്നൈയിൽ 1964.50 രൂപയിൽ നിന്നും 1980.50 രൂപയായാണ് വില ഉയർന്നിരിക്കുന്നത്.
അതേസമയം, ഗാർഹിക പാചക വാതക സിലിണ്ടറിൻ്റെ വില ഇത്തവണയും മാറ്റമില്ലാതെ തുടരുകയാണ്. 2024 ഓഗസ്റ്റ് 1 മുതൽ ഡൽഹിയിൽ 803 രൂപ, കൊൽക്കത്തയിൽ 829 രൂപ, മുംബൈയിൽ 802.50 രൂപ, ചെന്നൈയിൽ 818.50 രൂപ എന്നിങ്ങനെയാണ് ഗാർഹിക പാചക വാതകത്തിന്റെ വില.