പട്ന : ഈ വർഷത്തെ ബീഹാർ തെരഞ്ഞെടുപ്പ് എൻഡിഎയ്ക്ക് വൻ വിജയമാണ് സമ്മാനിച്ചത്. ജെഡിയു മേധാവി നിതീഷ് കുമാറിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശക്തമായ കെട്ടുറപ്പ് എന്നും ഓർമ്മിക്കപ്പെടുകയും ചെയ്യും . എന്നാൽ അതിന് പുറമേ സോഷ്യലിസ്റ്റ് ഐക്കണുകളുടെ കാലഘട്ടത്തിനുശേഷം ഒരു യുവ നേതാവ് സംസ്ഥാനത്ത് തന്റെ സ്ഥാനം ഉറപ്പിച്ച തെരഞ്ഞെടുപ്പ് കൂടിയാണിത്. ചിരാഗ് പാസ്വാൻ എന്ന പേര് എന്നും ബീഹാറിന്റെ ചരിത്രത്തിൽ എഴുതപ്പെടുന്ന ഒന്നായി മാറിക്കഴിഞ്ഞു.
എൻഡിഎയിലെ ഏറ്റവും ശക്തമായ പാർട്ടിയായ തന്റെ ലോക് ജനശക്തി പാർട്ടി 29 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. 20 സീറ്റുകളിൽ പാർട്ടി ലീഡ് ചെയ്തു . 2020 ൽ, ജെഡിയു മേധാവി നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം അന്നത്തെ ഐക്യ എൽജെപി സ്വതന്ത്രമായി മത്സരിക്കുകയും മത്സരിച്ച 130 ൽ അധികം സീറ്റുകളിൽ ഒന്ന് മാത്രം നേടുകയും ചെയ്തു. അതോടെ ബിഹാർ രാഷ്ട്രീയത്തിലെ അതികായനായി കണക്കാക്കപ്പെടുന്ന രാം വിലാസ് പാസ്വാന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ രാഷ്ട്രീയ ചാതുര്യവും മകൻ ചിരാഗിന് ഇല്ലെന്ന് പല രാഷ്ട്രീയ വിശകലന വിദഗ്ധരും വിധിയെഴുതി. അത് തിരുത്തിയാണ് ചിരാഗിന്റെ ഈ നേട്ടം.
2021 ൽ അദ്ദേഹത്തിന്റെ അമ്മാവൻ പശുപതി കുമാർ പരസും രാം വിലാസ് പാസ്വാന്റെ പാരമ്പര്യത്തിന്റെ ഉടമസ്ഥാവകാശത്തിനായി ശ്രമം നടത്തിയതിനെത്തുടർന്നാണ് പാർട്ടി പിളർന്നത് . പിന്നീട് സംസ്ഥാനം കണ്ടത് ചിരാഗിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. 43 വയസ്സുള്ള ചിരാഗ്, നേട്ടങ്ങൾ വെട്ടിപ്പിടിച്ചു.ചിരാഗും അദ്ദേഹത്തിന്റെ പാർട്ടിയിലെ മറ്റുള്ളവരും നടത്തിയ കഠിനാധ്വാനം 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഫലം കണ്ടു, മത്സരിച്ച അഞ്ച് മണ്ഡലങ്ങളിലും അവർ വിജയിച്ചു.
തന്റെ വിമർശകർക്ക് ശക്തമായ മറുപടി നൽകി, ചിരാഗ് തന്റെ പാർട്ടിയെ എക്കാലത്തെയും മികച്ച നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനത്തിലേക്ക് നയിച്ചു . “ഭാവി എന്തായിരിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ ആദ്യം ഞാൻ ഒരു ലെവൽ കടക്കുകയും പിന്നീട് അടുത്ത തന്ത്രം തീരുമാനിക്കുകയും ചെയ്യും. ബീഹാർ തിരഞ്ഞെടുപ്പിന് ശേഷമുള്ള എന്റെ അടിയന്തര മുൻഗണനകൾ 2027 ലെ ഉത്തർപ്രദേശ്, പഞ്ചാബ് തിരഞ്ഞെടുപ്പുകളാണ്. തുടർന്ന് 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ, എന്റെ പ്രധാനമന്ത്രി നാലാം തവണയും തിരഞ്ഞെടുക്കപ്പെടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. തുടർന്ന് 2030 ൽ ശ്രദ്ധ കേന്ദ്രീകരിക്കും,” ബീഹാർ വിജയത്തിന് പിന്നാലെ ചിരാഗ് പറയുന്നു.
‘ഞാൻ പ്രിയങ്ക ഗാന്ധി ജിയുമായി സംസാരിക്കുന്നുണ്ട്, പക്ഷെ എന്റെ പ്രധാനമന്ത്രി അവിടെയുള്ളിടത്തോളം കാലം ഞാൻ എവിടേക്കും പോകില്ലെന്ന് ഞാൻ വീണ്ടും പറയാൻ ആഗ്രഹിക്കുന്നു. എന്റെ സമർപ്പണവും സ്നേഹവും നിലനിൽക്കും. ഞാൻ അദ്ദേഹത്തെ വളരെയേറെ സ്നേഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.

