ന്യൂഡൽഹി ; ഡൊണാൾഡ് ട്രംപിന്റെ ആക്രമണാത്മക താരിഫ് നീക്കങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ചൈന.ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ ‘ വഴക്കാളി‘ എന്നാണ് വിശേഷിപ്പിച്ചത്.
” ഇത്തരത്തിൽ ഭീഷണിപ്പെടുത്തുന്നവർക്ക് ഒരു ഇഞ്ച് നൽകിയാൽ, അവർ ഒരു മൈൽ കൈയ്യടക്കും,” എന്നാണ് ട്രംപിന്റെ പേര് പരാമർശിക്കാതെ വൈറ്റ് ഹൗസിനെ നിശിതമായി വിമർശിച്ചുകൊണ്ട് സൂ പറഞ്ഞത് . ട്രംപിന്റെ വ്യാപാര യുദ്ധത്തിന്റെ ഇരകളായ ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതാണ് ഈ പ്രസ്താവനയെന്നാണ് വിലയിരുത്തൽ.
ഇന്ത്യയെപ്പോലെ ബ്രസീലും 50% യുഎസ് തീരുവ നേരിടുന്ന രാജ്യമാണ് . അമേരിക്ക വ്യാപാര പങ്കാളിയിൽ നിന്നും ഈടാക്കുന്ന ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണിത്. ട്രംപിന്റെ താരിഫ് തന്ത്രം ആഗോള വ്യാപാര മാനദണ്ഡങ്ങൾക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞതിനെയും ഷു ഫെയ്ഹോങ് ചൂണ്ടിക്കാട്ടി . “ഏകപക്ഷീയമായ താരിഫുകളുടെ ഭീഷണിപ്പെടുത്തൽ രീതികളെ ചെറുക്കുന്നതിൽ” ചൈന ബ്രസീലിനെ “ഉറച്ചു പിന്തുണയ്ക്കുന്നു” എന്നും വാങ് പറഞ്ഞിരുന്നു.
അതേസമയം താരിഫുകളെച്ചൊല്ലിയുള്ള തർക്കത്തിനിടയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും ഫോണിൽ സംസാരിച്ചു.ട്രംപ് ഏർപ്പെടുത്തിയ തീരുവകൾക്ക് മറുപടിയായി, ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ ഐക്യത്തിന് ലുല ആഹ്വാനം ചെയ്തുവരുന്നുണ്ട് . ട്രംപിന്റെ നടപടികളെ ലുല വിമർശിച്ചു, “പ്രസിഡന്റ് ട്രംപ് ചെയ്യുന്നത് ബഹുരാഷ്ട്രവാദം തകർക്കാനുള്ള ശ്രമമാണ്“ എന്നും ലുല പറഞ്ഞു.

