ന്യൂഡൽഹി: യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇന്ത്യൻ റെയിൽവേ ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം . പാസഞ്ചർ കോച്ചുകളിൽ സിസിടിവി ക്യാമറകൾ പരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. യാത്രക്കാരുടെ സ്വകാര്യത മാനിച്ച് വാതിലുകൾക്ക് സമീപമാകും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതെന്ന് റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു.
ഇന്നലെ നടന്ന റെയിൽവേ യോഗത്തിലാണ് തീരുമാനം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്നീത് സിംഗ് ബിട്ടുവും ലോക്കോമോട്ടീവുകളിലും കോച്ചുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ പുരോഗതി അവലോകനം ചെയ്തു. രാജ്യത്തുടനീളം പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ.
നോർത്തേൺ റെയിൽവേയുടെ ലോക്കോ എഞ്ചിനുകളിലും കോച്ചുകളിലും സിസിടിവി വിജയകരമായി പരീക്ഷിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. 74,000 കോച്ചുകളിലും 15,000 ലോക്കോമോട്ടീവുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അനുമതി നൽകി. ഓരോ റെയിൽവേ കോച്ചിലും നാല് ഡോം സിസിടിവി ക്യാമറകൾ ഉണ്ടായിരിക്കും.
ഓരോ പ്രവേശന വഴിയിലും രണ്ടെണ്ണം, ഓരോ ലോക്കോമോട്ടീവിലും ആറ് സിസിടിവി ക്യാമറകൾ ഉണ്ടായിരിക്കും. ലോക്കോമോട്ടീവിന്റെ മുന്നിലും പിന്നിലും ഇരുവശത്തും ഓരോ ക്യാമറ വീതം സ്ഥാപിക്കും. ലോക്കോമോട്ടീവിന്റെ ഓരോ ക്യാബിലും (മുന്നിലും പിന്നിലും) ഒരു ഡോം സിസിടിവി ക്യാമറയും രണ്ട് ഡെസ്ക്-മൗണ്ടഡ് മൈക്രോഫോണുകളും സ്ഥാപിക്കും. സിസിടിവി ക്യാമറകൾക്ക് ഏറ്റവും പുതിയ സ്പെസിഫിക്കേഷനുകൾ ഉണ്ടായിരിക്കും.
100 കിലോമീറ്ററിൽ കൂടുതൽ വേഗതയിലും കുറഞ്ഞ വെളിച്ചത്തിലും ഓടുന്ന ട്രെയിനുകൾക്ക് ഉയർന്ന നിലവാരമുള്ള ദൃശ്യങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കാൻ കേന്ദ്ര മന്ത്രി റെയിൽവേ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇന്ത്യഎഐ മിഷനുമായി സഹകരിച്ച് സിസിടിവി ക്യാമറകൾ പകർത്തുന്ന ഡാറ്റയിൽ എഐയുടെ ഉപയോഗം പ്രായോഗികമാകുമെന്ന് ഉറപ്പ് വരുത്തണമെന്നും കേന്ദ്ര റെയിൽവേ മന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

