ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ 40 ഓളം സ്കൂളുകൾക്ക് ബോംബ് ഭീഷണി . ഇ മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. ഡിപിഎസ്, ആർ കെ പുരം, ഡിപിഎസ് വസന്ത് കുഞ്ച്, ജി ഡി ഗോയങ്ക, പശ്ചിമ വിഹാർ, ദി ബ്രിട്ടീഷ് സ്കൂൾ, സൽവാൻ പബ്ലിക് സ്കൂൾ, മോഡേൺ സ്കൂൾ, കേംബ്രിഡ്ജ് സ്കൂൾ എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് ഞായറാഴ്ച വൈകിട്ടാണ് ഇമെയിലുകൾ ലഭിച്ചത്.
രാവിലെ 6.15ന് ജിഡി ഗോയങ്ക പശ്ചിമ വിഹാറിൽ ഉള്ള സ്കൂളിനാണ് ആദ്യം ഭീഷണി ലഭിച്ചത് . തുടർന്ന് ഡിപിഎസ് ആർ കെ പുരത്തെ സ്കൂളിൽ രാവിലെ 7 മണിക്ക് സമാനമായ ഭീഷണി സന്ദേശം എത്തി. സ്കൂളുകളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു സന്ദേശം.
തുടർന്ന് ഡൽഹി പോലീസ്, ബോംബ് ഡിസ്പോസൽ സ്ക്വാഡുകൾ, അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ വിവിധ സ്കൂളുകളിലെത്തി പരിശോധന തുടങ്ങി.എന്നാൽ സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്താനായില്ല . സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെയും , ജീവനക്കാരെയും അധികൃതർ ഒഴിപ്പിച്ചു.ഇ മെയിൽ അയച്ച ആളിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.