ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, നടന്മാരായ അജിത് കുമാർ, അരവിന്ദ് സ്വാമി, നടി ഖുഷ്ബു എന്നിവർക്ക് ബോംബ് ഭീഷണി . തമിഴ്നാട്ടിലെ ഡിജിപിയുടെ ഓഫീസിലേക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. നാലുപേരുടെയും വീടുകളിൽ ബോംബ് വയ്ക്കുമെന്ന് സന്ദേശത്തിൽ പറഞ്ഞിരുന്നു. തുടർന്ന് ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘം എത്തി പരിശോധന നടത്തി.
ആരാണ് സന്ദേശം അയച്ചതെന്ന് വ്യക്തമല്ല. പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞയാഴ്ച നടൻ അജിത്തിന്റെ ഇഞ്ചമ്പാക്കത്തെ വീട്ടിലും ബോംബ് സന്ദേശം ലഭിച്ചിരുന്നു. നടൻ അരുൺ വിജയ്യുടെ വീടിന് നേരെയും ബോംബ് ഭീഷണി ഉണ്ടായിരുന്നു. . അരുണിന്റെ ഏക്കാട്ടുതങ്കലിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ഡിജിപിയുടെ ഓഫീസിലേക്കാണ് എത്തിയത്. എന്നാൽ, പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഒക്ടോബറിൽ ടി നഗറിലെ സ്റ്റുഡിയോയിൽ സംഗീത സംവിധായകൻ ഇളയരാജയ്ക്കും ബോംബ് ഭീഷണി ലഭിച്ചു.

