മധുര: തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . കഴിഞ്ഞ നാല് വർഷത്തെ ഭരണത്തിനിടെ ഡിഎംകെ സർക്കാർ അഴിമതിയുടെ എല്ലാ പരിധികളും ലംഘിച്ചുവെന്ന് അമിത് ഷാ ആരോപിച്ചു. മധുരയിൽ നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2026 ൽ പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
“കേന്ദ്ര സർക്കാർ നൽകിയ 45 കോടി രൂപയുടെ പോഷകാഹാര കിറ്റുകൾ സ്വകാര്യ കമ്പനിക്ക് കൈമാറി ഡിഎംകെ വലിയ അഴിമതി നടത്തി. ദരിദ്രർക്ക് ഭക്ഷണം നിഷേധിച്ചു. സ്റ്റാലിൻ സർക്കാർ നടത്തിയ അഴിമതിയുടെ ഒരു നീണ്ട പട്ടിക എന്റെ പക്കലുണ്ട്. അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 60 ശതമാനവും പാലിച്ചിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളിൽ എത്രയെണ്ണം നിങ്ങൾ പാലിച്ചുവെന്ന് ജനങ്ങളോട് പറയൂ,“ – അമിത് ഷാ സ്റ്റാലിനെ വെല്ലുവിളിച്ചു.
“ ഡിഎംകെ സർക്കാർ 4500 കോടി രൂപയുടെ മണൽ ഖനന അഴിമതി നടത്തി. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ അഴിമതി സംസ്ഥാന ഖജനാവിന് 39000 കോടി രൂപയുടെ നഷ്ടം വരുത്തി, അല്ലാത്തപക്ഷം ഈ പണം ഉപയോഗിച്ച് തമിഴ്നാട്ടിലെ ഓരോ സ്കൂളിലും രണ്ട് അധിക മുറികൾ നിർമ്മിക്കാമായിരുന്നു,” അമിത് ഷാ പറഞ്ഞു.

