ന്യൂഡൽഹി : രണ്ട് ദിവസം മുൻപാണ് ആക്ടിവിസ്റ്റും മുൻ പ്ലാനിംഗ് കമ്മീഷൻ അംഗവുമായ സയ്യിദ ഹമീദ് നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിൽ തന്നെ പാർപ്പിക്കണമെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ചത്. അല്ലാഹു ഈ ഭൂമി സൃഷ്ടിച്ചത് മനുഷ്യർക്കുവേണ്ടിയാണെന്നും , ബംഗ്ലാദേശികളും മനുഷ്യരാണ്, അവർക്ക് എന്തുകൊണ്ട് ഇവിടെ ജീവിക്കാൻ കഴിയില്ല? അവരെ നീക്കം ചെയ്യുന്നത് മനുഷ്യത്വത്തിന് എതിരാണെന്നുമാണ് സയ്യിദ ഹമീദ് പറഞ്ഞത് . അവരുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ എതിർപ്പിന് കാരണമായി.
സയ്യിദ ഹമീദ് അടുത്തിടെ അസം സന്ദർശിക്കുകയും അവിടെ നിയമവിരുദ്ധ ബംഗ്ലാദേശികളുമായി കൂടിക്കാഴ്ച്ച നടത്തുകയും അവർക്കെതിരെ നടപടിയെടുക്കുന്നതിനെ എതിർക്കുകയും ചെയ്തു.
ഇപ്പോൾ സയീദ ഹമീദിന്റെ പ്രസ്താവനകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി. ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ ദേശവിരുദ്ധ പ്രസ്താവനയാണിതെന്ന് ബിജെപി നേതാവ് രാകേഷ് സിൻഹ പറഞ്ഞു. നിങ്ങൾക്ക് ഇത്രയധികം സ്നേഹമുണ്ടെങ്കിൽ 7 ദിവസം ബംഗ്ലാദേശിൽ താമസിച്ച് നോക്കൂ. ഇന്ത്യാ വിരുദ്ധ ശക്തികളുടെ ഏജന്റായി സയീദ ഹമീദ് പ്രവർത്തിക്കുന്നു, അവർക്കെതിരെ നടപടിയെടുക്കണമെന്നും രാകേഷ് സിൻഹ പറഞ്ഞു.
സയീദ മനുഷ്യത്വത്തിന്റെ പേരിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. അനധികൃത നുഴഞ്ഞുകയറ്റക്കാരെ ഒരു സാഹചര്യത്തിലും പിന്തുണയ്ക്കരുത്. ബംഗ്ലാദേശികളെ അസമിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. നമ്മുടെ സ്വത്വവും സംസ്ഥാനവും സംരക്ഷിക്കാൻ അവസാന തുള്ളി രക്തം വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
യുപിഎ സർക്കാരിന്റെ കാലത്ത് ആസൂത്രണ കമ്മീഷൻ അംഗമായിരുന്നു സയ്യിദ ഹമീദ്. ഇതിനുപുറമെ, ദേശീയ വനിതാ കമ്മീഷനിലും അംഗമായിരുന്നു.

