ന്യൂദൽഹി : ഇന്ത്യയിൽ നിന്ന് അരി ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ഹിന്ദു യുവാവിനെ ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അതിനു പിന്നാലെ ബംഗ്ലാദേശ് പണം നൽകിയില്ലെങ്കിൽ ഇന്ത്യ പട്ടിണിയാകുമെന്ന് ബംഗ്ലാദേശ് സ്റ്റുഡന്റ് ലീഡർ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യയുമായുള്ള ബന്ധം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് യൂനുസ് സർക്കാർ ശ്രമിക്കുന്നതെന്നാണ് ബംഗ്ലാദേശ് സർക്കാർ പറയുന്നത് .
സാമ്പത്തിക താൽപ്പര്യങ്ങളെ ‘രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ’ നിന്ന് വേർപെടുത്തി ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം വികസിപ്പിക്കാൻ ഭരണകൂടം പ്രവർത്തിക്കുന്നുണ്ടെന്നും ബംഗ്ലാദേശ് സർക്കാരിന്റെ ഇടക്കാല ധനകാര്യ ഉപദേഷ്ടാവ് സാലിഹുദ്ദീൻ അഹമ്മദ് പറഞ്ഞിരുന്നു.
‘ രാഷ്ട്രീയ പരിഗണനകളാൽ നയിക്കപ്പെടുന്നതല്ല ഞങ്ങളുടെ വ്യാപാര നയം. വിയറ്റ്നാമിൽ നിന്നോ മറ്റെവിടെയെങ്കിലുമോ ഇറക്കുമതി ചെയ്യുന്നതിനേക്കാൾ വിലകുറഞ്ഞതാണ് ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്യുന്നതെങ്കിൽ, ഇന്ത്യയിൽ നിന്ന് ഈ പ്രധാന ഭക്ഷ്യധാന്യം വാങ്ങുന്നത് സാമ്പത്തികമായി അർത്ഥവത്താണ് .
നല്ല ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായി ഇന്ത്യയിൽ നിന്ന് 50,000 ടൺ അരി വാങ്ങാനുള്ള നിർദ്ദേശത്തിന് ബംഗ്ലാദേശ് ചൊവ്വാഴ്ച അംഗീകാരം നൽകിയതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് പകരം വിയറ്റ്നാമിൽ നിന്ന് അരി ഇറക്കുമതി ചെയ്യുന്നത് കിലോഗ്രാമിന് 10 ബംഗ്ലാദേശി ടാക്ക (യുഎസ് ഡോളർ 0.082) കൂടുതൽ ചിലവാകുന്നതിനാൽ ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്യുന്നത് ബംഗ്ലാദേശിന് ഗുണം ചെയ്യുമെന്നും ‘ സാലിഹുദ്ദീൻ അഹമ്മദ് പറഞ്ഞു.
1971-ൽ പാകിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതിനുശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലാണെന്ന് നയതന്ത്ര വിശകലന വിദഗ്ധർ പറഞ്ഞ സമയത്താണ് അഹമ്മദിന്റെ അഭിപ്രായങ്ങൾ വരുന്നത്.

