മേഘാലയ : ഇങ്ക്വിലാബ് മഞ്ച് കൺവീനർ ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശ് പ്രക്ഷുബ്ധാവസ്ഥയിലാണ്. ഇപ്പോഴാകട്ടെ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിലേക്ക് കടന്നതായാണ് ബംഗ്ലാദേശ് പോലീസ് അവകാശപ്പെടുന്നത്. എന്നാൽ, മേഘാലയയിലെ സുരക്ഷാ ഏജൻസികൾ ഈ അവകാശവാദം തള്ളിക്കളഞ്ഞു.
“ ഹാദി കൊലപാതകക്കേസിലെ പ്രതികളായ ഫൈസൽ കരീം മസൂദ്, ആലംഗീർ ഷെയ്ഖ് എന്നിവർ പ്രാദേശിക കൂട്ടാളികളുടെ സഹായത്തോടെ ഇന്ത്യൻ സംസ്ഥാനമായ മേഘാലയയിലേക്ക് പ്രവേശിച്ചു. ഞങ്ങളുടെ വിവരങ്ങൾ അനുസരിച്ച്, പ്രതികൾ ഹലുഘട്ട് അതിർത്തി വഴിയാണ് ഇന്ത്യയിലേക്ക് കടന്നത്. അതിർത്തി കടന്ന ശേഷം, പുർതി എന്ന വ്യക്തിയാണ് അവരെ ആദ്യം സ്വീകരിച്ചത്. പിന്നീട്, സാമി എന്ന ടാക്സി ഡ്രൈവർ അവരെ മേഘാലയയിലെ തുറ പട്ടണത്തിൽ ഇറക്കിവിട്ടു,” എന്നാണ് ധാക്ക മെട്രോപൊളിറ്റൻ പോലീസ് (ഡിഎംപി) അഡീഷണൽ പോലീസ് കമ്മീഷണർ (ക്രൈം ആൻഡ് ഓപ്പറേഷൻസ്) എസ് എൻ മുഹമ്മദ് നസ്രുൾ ഇസ്ലാം ഡിഎംപി മീഡിയ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞത്.
എന്നാൽ ഈ അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മേഘാലയയിലെ ബിഎസ്എഫ് ചീഫ് ഇൻസ്പെക്ടർ ജനറൽ ഒ പി ഉപാധ്യായ പറഞ്ഞു . “ ഹാലുഘട്ട് സെക്ടറിൽ നിന്ന് മേഘാലയയിലേക്ക് ആരെങ്കിലും അന്താരാഷ്ട്ര അതിർത്തി കടന്നതായി തെളിവുകളോ വിവരങ്ങളോ ഇല്ല. ബിഎസ്എഫ് അത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുകയോ അത്തരമൊരു റിപ്പോർട്ട് ലഭിക്കുകയോ ചെയ്തിട്ടില്ല,” ഉപാധ്യായ പറഞ്ഞു.
ഡിസംബർ 12 ന് ധാക്കയിൽ പ്രചാരണത്തിനിടെയാണ് ഹാദിയുടെ തലയ്ക്ക് വെടിയേറ്റത് . പിന്നീട് മെച്ചപ്പെട്ട ചികിത്സയ്ക്കായി ഹാദിയെ സിംഗപ്പൂരിലേക്ക് വിമാനമാർഗം കൊണ്ടുപോയി.എന്നാൽ ചികിത്സയിലിരിക്കെ ഡിസംബർ 18 ന് ഹാദി മരിച്ചു.

