ധാക്ക : ബംഗ്ലാദേശ് പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ ചിത്രങ്ങൾ നീക്കം ചെയ്ത് യൂനുസ് സർക്കാർ.2025 അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാഠപുസ്തകങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുമെന്ന് രാജ്യത്തെ നാഷണൽ കരിക്കുലം ആൻഡ് ടെക്സ്റ്റ്ബുക്ക് ബോർഡ് (എൻസിബിടി) പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇതിലൂടെ രാജ്യത്തിന്റെ ചരിത്രം പുതിയൊരു രീതിയിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് ശ്രമം. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെക്കുറിച്ചുള്ള പരാമർശവും നീക്കം ചെയ്തിട്ടുണ്ട്. ഇതുമാത്രമല്ല, ബംഗ്ലാദേശിന്റെ വിമോചന സമരത്തിൽ ഷെയ്ഖ് മുജിബുർ റഹ്മാന്റെ പങ്കിനെ പുതിയ സിലബസിൽ കുറച്ചുകാണിച്ചിരിക്കുന്നു. ഇതിനുപുറമെ, ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഇന്ത്യയുടെ പങ്ക് ചില സന്ദർഭങ്ങളിൽ കുറച്ചുകാണപ്പെട്ടിട്ടുണ്ട്
ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും മുജീബുർ റഹ്മാന്റെയും രണ്ട് ചരിത്ര ഫോട്ടോകൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്തു. രണ്ട് ചിത്രങ്ങളും 1972 ലേതാണ്. അതേ വർഷം ഫെബ്രുവരി 6 ന് കൽക്കട്ടയിൽ നടന്ന ഒരു റാലിയിൽ ഇന്ദിരയും മുജിബും സംയുക്ത പ്രസംഗം നടത്തി. ആ ചിത്രം പുതിയ പാഠപുസ്തകത്തിലില്ല. ഇതിനുപുറമെ, 1972 മാർച്ച് 17 ന് ധാക്കയിൽ ഇന്ദിരയെ സ്വാഗതം ചെയ്യുന്ന മുജീബിന്റെ ഫോട്ടോയും നീക്കം ചെയ്തിട്ടുണ്ട്. മാത്രമല്ല “ബംഗ്ലാദേശിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യം ഇന്ത്യയാണ്” – എന്ന വരിയും നീക്കം ചെയ്യും.
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം, യൂനുസ് സർക്കാരിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് മാറുകയാണ്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ അടിച്ചമർത്തപ്പെടുന്നു. ഇന്ത്യാ വിരുദ്ധ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു. ബംഗ്ലാദേശ് സ്ഥാപകൻ ഷെയ്ഖ് മുജിബുർ റഹ്മാന്റെ ഓർമ്മകളും മായ്ച്ചുകളയുകയാണ്. അദ്ദേഹത്തിന്റെ പൂർവ്വിക വീട് തീയിട്ട് നശിപ്പിച്ചു.