മുംബൈ ; മഹാരാഷ്ട്രയിലെ ഔറംഗാബാദ് റെയിൽവേ സ്റ്റേഷൻ ഇനി മുതൽ ഛത്രപതി സംഭാജിനഗർ റെയിൽവേ സ്റ്റേഷൻ . ഔറംഗാബാദ് നഗരത്തിന്റെ പേര് മാറ്റി മൂന്ന് വർഷത്തിന് ശേഷമാണ് ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് ഔദ്യോഗികമായി പുനർനാമകരണം ചെയ്തത് . സെൻട്രൽ റെയിൽവേയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മറാത്ത ഭരണാധികാരി ഛത്രപതി ശിവാജി മഹാരാജിന്റെ മകനോടുള്ള ആദരസൂചകമായാണ് ഈ തീരുമാനം എടുത്തത്. ഔറംഗാബാദ് നഗരത്തിനും റെയിൽവേ സ്റ്റേഷനും മുമ്പ് മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ പേരിലായിരുന്നു. മഹാരാഷ്ട്ര സർക്കാരിന്റെ ശുപാർശ പ്രകാരമാണ് പുതിയ തീരുമാനം എടുത്തത്.
ഔറംഗാബാദ് റെയിൽവേ സ്റ്റേഷൻ 1900-ൽ നിർമ്മിച്ചതും ഹൈദരാബാദിലെ ഏഴാമത്തെ നിസാം മിർ ഒസ്മാൻ അലി ഖാൻ കമ്മീഷൻ ചെയ്തതുമാണ്. കാച്ചിഗുഡ-മൻമദ് സെക്ഷനിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. പേര് മാറ്റം ഔപചാരികമാക്കുന്നതിനായി ഒക്ടോബർ 15-ന് സർക്കാർ ഒരു ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു . ഇനി മുതൽ, സ്റ്റേഷന്റെ പുതിയ പേര്, ഛത്രപതി സംഭാജിനഗർ യാത്രക്കാർക്കും ഭരണപരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കാം.
മഹാരാഷ്ട്ര സർക്കാരിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ശുപാർശയെ തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് റെയിൽവേ അറിയിച്ചു. മറാത്ത യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജിന്റെ ധീരതയെയും ചരിത്രപരമായ സംഭാവനകളെയും ആദരിക്കുന്നതാണ് സ്റ്റേഷന്റെ പുതിയ പേര് . ആവശ്യമായ എല്ലാ ഭരണപരമായ നടപടിക്രമങ്ങളും റെയിൽവേ പൂർത്തിയാക്കി ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേഷന്റെ പേര്, “ഛത്രപതി സംഭാജിനഗർ”, എന്ന് ഇനി എല്ലാ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും പ്രദർശിപ്പിക്കും.2022-ൽ ഔറംഗാബാദ് നഗരത്തിന്റെ പേര് ഛത്രപതി സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്യാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരുന്നു

