ഇസ്ലാമാബാദ് : 2026 ലെ ടി20 ലോകകപ്പിലെ 27-ാമത് മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 61 റൺസിനാണ് പരാജയപ്പെടുത്തിയത് . ഇപ്പോഴിതാ പാകിസ്ഥാന്റെ വമ്പൻ തോൽവിയുടെ പ്രത്യാഘാതങ്ങൾ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മാത്രം ഒതുങ്ങുന്നില്ല . മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസങ്ങൾ അവരുടെ ടീമിന്റെ തയ്യാറെടുപ്പുകളെയും മുഴുവൻ സജ്ജീകരണത്തെയും ചോദ്യം ചെയ്യുമ്പോൾ, പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീർ ചോദ്യം ഉന്നയിക്കുന്നത് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയോടാണെന്നാണ് സൂചന . അസിം മുനീർ മൊഹ്സിൻ നഖ്വിയോട് കടുത്ത ദേഷ്യത്തിലാണെന്നും പാകിസ്ഥാനിലെ ആളുകൾ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നുണ്ടെന്നുമാണ് റിപ്പോർട്ട്.
ഇതുമായി ബന്ധപ്പെട്ട് അസിം മുനീർ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് സന്ദേശം അയച്ചതായും സൂചനകളുണ്ട് . പിസിബി സാഹചര്യം മോശമായി കൈകാര്യം ചെയ്തതിനെയും, ടീമിന്റെ അപര്യാപ്തമായ തയ്യാറെടുപ്പുകളെയും, അനാവശ്യ പ്രസ്താവനകളെയും വിമർശിക്കുന്ന സന്ദേശമാണിത്. ടി20 ലോകകപ്പിൽ ഇന്ത്യയുമായി കളിക്കാൻ പാകിസ്ഥാൻ ആദ്യം വിസമ്മതിച്ചിരുന്നു. പക്ഷേ പിന്നീട് ഐസിസിയുടെ കർശന നിലപാട് കാരണമാണ് കളിക്കാൻ സമ്മതിച്ചത്.
അന്ന് “ഇന്ത്യയുടെയോ ഐസിസിയുടെയോ ഭീഷണികളെ ഞാനും പാകിസ്ഥാൻ സർക്കാരും ഭയപ്പെടുന്നില്ല. ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിനെ സംബന്ധിച്ചിടത്തോളം, നിങ്ങൾക്ക് അദ്ദേഹത്തെ അറിയാം; അദ്ദേഹം ഒരിക്കലും ഭയപ്പെടുന്നില്ല” എന്ന് മൊഹ്സിൻ നഖ്വി പറഞ്ഞിരുന്നു. ഇന്ത്യയുമായുള്ള ക്രിക്കറ്റ് മത്സരത്തിന്റെ പേരിൽ പാകിസ്ഥാൻ സൈന്യത്തിന്റെ പേര് മൊഹ്സിൻ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.
മത്സരത്തിൽ ഇന്ത്യൻ ടീം 20 ഓവറിൽ 7 വിക്കറ്റിന് 175 റൺസ് നേടി. 40 പന്തിൽ 10 ഫോറുകളും 3 സിക്സറുകളും ഉൾപ്പെടെ 77 റൺസ് ഇഷാൻ കിഷൻ നേടി. പാകിസ്ഥാൻ 18 ഓവറിൽ 114 റൺസ് മാത്രം നേടി ഓൾ ഔട്ടായി.

