പാലക്കാട്: ഫലസിദ്ധി വാഗ്ദാനം ചെയ്ത് മരുന്നുകളുടെ പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പതഞ്ജലി സ്ഥാപകനും യോഗചാര്യനുമായ ബാബ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധങ്ങളുടെ പരസ്യം നൽകിയതിലെ നിയമ ലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കേസിൽ കോടതിക്ക് മുമ്പാകെ കഴിഞ്ഞ മാസം 16ന് ഹാജരാകാൻ രാംദേവിന് സമൻസ് അയച്ചിരുന്നു. എന്നാൽ അദ്ദേഹം ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരാകാൻ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി കമ്പനിയുടെ ഉത്പന്നങ്ങളുടെ പരസ്യങ്ങൾക്കെതിരെ കണ്ണൂർ സ്വദേശിയായ ഡോക്ടറാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് പരാതി നൽകിയത്. അമിത രക്തസമ്മർദം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ സുഖപ്പെടുത്തുമെന്ന് ചില ഉത്പന്നങ്ങളുടെ പരസ്യങ്ങളിൽ വാഗ്ദാനം ചെയ്തിരുന്നു. ഇത്തരത്തിൽ പരസ്യങ്ങൾ നൽകുന്നത് നിയമ പ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ബാബ രാംദേവിനെതിരായ കേസ് ദേശീയ ശ്രദ്ധ ആകർഷിച്ചതിന് പിന്നാലെ, സംഭവത്തിൽ സുപ്രീം കോടതിയും ഇടപെട്ടിരുന്നു. സുപ്രീം കോടതിയുടെ രൂക്ഷ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ കോടതിയിലും പിന്നീട് മാധ്യമങ്ങളിലും ബാബ രാംദേവ് പരസ്യമായി ഖേദപ്രകടനം നടത്തിയിരുന്നു. കേസിൽ ബാബ രാംദേവിന്റെ അനുയായി ആചാര്യ ബാലകൃഷ്ണയും പ്രതിയാണ്.