ശ്രീനഗർ : ജമ്മുകശ്മീരിൽ സുരക്ഷാസേന ഇല്ലാതാക്കിയത് ലഷ്കർ ത്വയ്ബയുടെ കമാൻഡർ ഉസ്മാൻ എന്ന കൊടും ഭീകരനെ . ശ്രീനഗറിലെ ഖൻയാർ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ ..കഴിഞ്ഞ 20 വർഷമായി താഴ്വരയിൽ ലഷ്കർ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയാണ് ഉസ്മാൻ.
ലഷ്കർ ഭീകരനായ സജാദ് ഗുലാലിന്റെ വലം കൈയ്യായിരുന്ന ഉസ്മാൻ ഛോട്ടാ വാലിദ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഉസ്മാൻ ഇല്ലാതായത് ലഷ്കർ ഇ ത്വയ്ബയ്ക്ക് വൻ തിരിച്ചടിയായാണ് കണക്കാക്കുന്നത് . കശ്മീരിലെ ലഷ്കർ ഇ ത്വയ്ബയുടെ ഏറ്റവും മുതിർന്ന കമാൻഡർ കൂടിയായിരുന്നു ഉസ്മാൻ .അടുത്ത കാലത്തായി ഉസ്മാൻ താഴ്വരയിൽ നിരന്തരം ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നു.അതുകൊണ്ട് തന്നെ സുരക്ഷാസേനയുടെ ഹിറ്റ്ലിസ്റ്റിൽ ഒന്നാമതായിരുന്നു ഇയാൾ .
2023 ഒക്ടോബറിൽ ശ്രീനഗറിലെ ഈദ്ഗാഹ് ഏരിയയിൽ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ജമ്മു കശ്മീർ പോലീസ് ഇൻസ്പെക്ടറായിരുന്ന മസ്റൂറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉസ്മാനുള്ള പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സി ആർ പി എഫ് ജവാന്മാർക്കും , രണ്ട് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട് .
ഏറ്റുമുട്ടലിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഉസ്മാന്റെ മൃതദേഹത്തിനൊപ്പം വെടിയുണ്ടകളും കണ്ടെടുത്തു . കഴിഞ്ഞ 24 മണിക്കൂറിനിടെ കശ്മീരിൽ നടന്ന മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത് .അനന്ത് നാഗിലെ വനമേഖലയിൽ ശനിയാഴ്ച്ച നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത് . അതേസമയം ബന്ദിപ്പോരയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.