ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരൻ ആമിർ അഹമ്മദ് ദറിനെ വധിച്ച് ഇന്ത്യൻ സുരക്ഷാസേന . പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി തിരിച്ചറിഞ്ഞ 14 ഭീകരരുടെ പട്ടികയിലുള്ള ഭീകരനാണ് ആമിർ അഹമ്മദ് ദർ . കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിലാണ് ആമിർ കൊല്ലപ്പെട്ടത് . കഴിഞ്ഞ 24 മണിക്കൂറായി കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ ദിവസം മറ്റൊരു ഭീകരനെയും സൈന്യം വധിച്ചിരുന്നു.
ഷോപിയാൻ നിവാസിയായ ആമിർ അഹമ്മദ് 2023 സെപ്റ്റംബറിൽ ലഷ്കർ-ഇ-തൊയ്ബയിൽ ചേർന്നു. കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരൻ റഹ്മാൻ ഭായ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പിർ പഞ്ചൽ മേഖലയിൽ കുറച്ചുകാലമായി സജീവമായിരുന്നു ഇയാൾ. ലഷ്കർ-ഇ-തൊയ്ബയുമായി റഹ്മാൻ ഭായും ബന്ധപ്പെട്ടിരുന്നു.
പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട 8 പേരെ സുരക്ഷാ സേന ഇല്ലാതാക്കിയിട്ടുണ്ട്. അതിൽ 3 ഹിസ്ബുൾ മുജാഹിദീനും 3 ലഷ്കർ ഭീകരരും ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ അബു ഉബൈദ എന്ന സുബൈർ അഹമ്മദ് വാനി, സോപോറിലെ ആദിൽ റഹ്മാൻ, ആസിഫ് അഹമ്മദ്, നസീർ അഹമ്മദ്, ഹാറൂൺ റാഷിദ്, സാക്കിർ അഹമ്മദ് എന്നിവരും ഉൾപ്പെടുന്നു.
ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ വിനോദസഞ്ചാരികളുൾപ്പെടെ 26 നിരപരാധികളെയാണ് തീവ്രവാദികൾ വെടിവച്ചുകൊന്നത്. പുരുഷൻമാരെയാണ് ഭീകരർ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയത്.ഭർത്താവിന്റെ മൃതദേഹത്തിനരികെ കരഞ്ഞുതളർന്നിരുന്ന ഹിമാൻഷിയുടെ ചിത്രവും രാജ്യം മറക്കില്ല. വിവാഹം കഴിഞ്ഞ് ആറാം നാളാണ് നേവിയിൽ ലഫ്റ്റ്നൻറ് കേണലായിരുന്ന വിനയ് നർവാൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവാഹശേഷം മധുവിധു ആഘോഷിക്കാനായിരുന്നു ഇരുവരും കശ്മീരിലെത്തിയത്. ഇതിനുള്ള പ്രതികാര മറുപടി എന്ന നിലയ്ക്കാണ് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഇന്ത്യ തിരിച്ചടി നൽകിയത്.

