ന്യൂഡൽഹി: നിശ്ചിത സമയപരിധിക്കപ്പുറം ഒരു പാകിസ്ഥാൻ പൗരനും രാജ്യത്ത് അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി ആഭ്യന്തരമന്ത്രി അമിത് ഷാ. പാകിസ്ഥാൻ പൗരന്മാർക്ക് അനുവദിച്ച എല്ലാ വിസകളും അസാധുവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ പ്രഖ്യാപനത്തെ തുടർന്നാണ് ഈ നിർദ്ദേശം. ഏപ്രിൽ 27 മുതൽ പാകിസ്ഥാൻ പൗരന്മാർക്ക് അനുവദിച്ച എല്ലാ വിസകളും അസാധുവാകും .
പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിൽ പാകിസ്ഥാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം മടങ്ങാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു.“ഒരു പാക്കിസ്ഥാനിയും സമയപരിധിക്കപ്പുറം ഇന്ത്യയിൽ തങ്ങില്ലെന്ന്” ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം വ്യക്തമാക്കി ആഭ്യന്തരമന്ത്രി ഓരോ മുഖ്യമന്ത്രിയെയും വ്യക്തിപരമായി വിളിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ, തങ്ങളുടെ അധികാരപരിധിക്കുള്ളിൽ താമസിക്കുന്ന എല്ലാ പാകിസ്ഥാൻ പൗരന്മാരെയും തിരിച്ചറിയാനും അവരെ നാടുകടത്താനുള്ള സൗകര്യമൊരുക്കാനും മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകിയതായും സൂചനയുണ്ട്.

