ന്യൂഡൽഹി : ലോക്സഭയിൽ പ്രതിപക്ഷത്തിനെതിരെ പൊട്ടിത്തെറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ . തിങ്കളാഴ്ച ലോക്സഭയിൽ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ചർച്ചയിൽ, വിദേശകാര്യ മന്ത്രി (ഇഎഎം) എസ്. ജയ്ശങ്കർ സംസാരിക്കുമ്പോൾ അത് തടസപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചതാണ് അമിത് ഷായെ പ്രകോപിപ്പിച്ചത് . കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയിൽ വിശ്വാസിക്കുന്നില്ലെന്നും പകരം മറ്റൊരു രാജ്യത്തെയാണ് വിശ്വസിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
“അവർക്ക് (പ്രതിപക്ഷത്തിന്) ഒരു ഇന്ത്യൻ വിദേശകാര്യ മന്ത്രിയിൽ വിശ്വാസമില്ല, പക്ഷേ അവർക്ക് മറ്റേതെങ്കിലും രാജ്യത്താണ് വിശ്വാസമുള്ളത് . അവരുടെ പാർട്ടിയിൽ വിദേശത്തിന്റെ പ്രാധാന്യം എനിക്ക് മനസ്സിലാകും. എന്നാൽ ഇതിനർത്ഥം അവരുടെ പാർട്ടിയുടെ എല്ലാ കാര്യങ്ങളും ഇവിടെ സഭയിൽ അടിച്ചേൽപ്പിക്കണമെന്നല്ല . അവർ ഈ പ്രതിപക്ഷ ബഞ്ചിൽ ഇരിക്കുന്നതിന്റെ കാരണവും ഇതാണ്, അടുത്ത 20 വർഷത്തേക്കും അവർ അവിടെ തന്നെ തുടരും,” അദ്ദേഹം കൂട്ടിച്ചേർത്തു.
“അവരുടെ അംഗങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഞങ്ങൾ അവരെ ക്ഷമയോടെ കേട്ടിരുന്നു. അവർ എത്ര കള്ളങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് ഞാൻ നാളെ നിങ്ങളെ അറിയിക്കാം. ഇപ്പോൾ അവർക്ക് സത്യം കേൾക്കാൻ കഴിയുന്നില്ല. ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം ചർച്ച ചെയ്യപ്പെടുമ്പോഴും വിദേശകാര്യ മന്ത്രി സംസാരിക്കുമ്പോഴും പ്രതിപക്ഷം അദ്ദേഹത്തെ ശല്യപ്പെടുത്തുന്നത് നല്ലതായി തോന്നുന്നുണ്ടോ?” എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ഓപ്പറേഷൻ സിന്ദൂർ ചർച്ചയ്ക്കിടെ ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ, ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ സീറോ ടോളറൻസ് നയത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി ജയ്ശങ്കർ വ്യക്തമാക്കി. സൈനിക ഇടപെടലിന്റെ നിർണായക സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഒരു ഫോൺ സംഭാഷണവും നടന്നിട്ടില്ലെന്നും ജയ്ശങ്കർ പറഞ്ഞു.

