ന്യൂഡൽഹി ; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി . ശക്തമായ ജനകീയാടിത്തറയുള്ള നേതാവായിരുന്നു അജിത് പവാറെന്ന് മോദി എക്സിൽ കുറിച്ചു. അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങളും മോദി പങ്ക് വച്ചു.
“അജിത് പവാർ ശക്തമായ ജനകീയാടിത്തറയുള്ള നേതാവായിരുന്നു. മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കുന്നതിൽ മുൻപന്തിയിൽ നിന്ന കഠിനാധ്വാനിയായ വ്യക്തിയെന്ന നിലയിൽ അദ്ദേഹം പരക്കെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭരണപരമായ കാര്യങ്ങളിൽ അദ്ദേഹത്തിന്റെ അറിവും ദരിദ്രരെയും നിരാലംബരെയും ശാക്തീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും പ്രശംസനീയമാണ്. അദ്ദേഹത്തിന്റെ അകാല വിയോഗം അങ്ങേയറ്റം ഞെട്ടിക്കുന്നതും ദുഃഖകരവുമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും എണ്ണമറ്റ ആരാധകർക്കും എന്റെ അനുശോചനം. ഓം ശാന്തി.”മോദി സോഷ്യൽ മീഡിയയിൽ കുറിച്ചു.
അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി ബന്ധപ്പെട്ടതായി സംസ്ഥാന സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും എക്സിൽ അനുശോചനം അറിയിച്ചു . “മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാറിന്റെ അകാല വിയോഗത്തിൽ അഗാധമായ ഞെട്ടലും വേദനയും അനുഭവപ്പെട്ടു. തന്റെ നീണ്ട പൊതുജീവിതത്തിലുടനീളം, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. ജനങ്ങളോടുള്ള അനുകമ്പയ്ക്കും പൊതുസേവനത്തോടുള്ള അചഞ്ചലമായ സമർപ്പണത്തിനും അദ്ദേഹം പേരുകേട്ടവനായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും, അഭ്യുദയകാംക്ഷികൾക്കും, ആരാധകർക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.” രാജ്നാഥ് സിംഗ് കുറിച്ചു.

