ന്യൂഡൽഹി : നിർണ്ണായക ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിൽ എത്തി. ഇന്ത്യയ്ക്ക് മേലുള്ള താരിഫ് വീണ്ടും ഉയർത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഭീഷണികൾക്കിടയിലാണ് ഡോവലിന്റെ സന്ദർശനം .
റഷ്യയുമായുള്ള ഇന്ത്യയുടെ പ്രതിരോധ, ഊർജ്ജ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അജിത് ഡോവലിന്റെ സന്ദർശനം. ഷ്യയുടെ എണ്ണ വാങ്ങുന്നതിലൂടെ ഉക്രെയ്നിലെ യുദ്ധത്തിന് ഇന്ത്യ പരോക്ഷമായി ധനസഹായം നൽകുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായി സ്റ്റീഫൻ മില്ലർ കഴിഞ്ഞ ദിവസം ആരോപിച്ചത് .
ഡോവലിന്റെ സന്ദർശനം ആസൂത്രിതമാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. “ഭൗമരാഷ്ട്രീയ സാഹചര്യത്തിന്റെ നിലവിലെ വർദ്ധനവും ചർച്ച ചെയ്യും. അതിനുപുറമെ, ഇന്ത്യയിലേക്ക് റഷ്യൻ എണ്ണ വിതരണം പോലുള്ള അടിയന്തര വിഷയങ്ങളും ചർച്ചയാകും “ സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയെക്കുറിച്ചുള്ള യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും വിമർശനത്തെ തള്ളിക്കളഞ്ഞുകൊണ്ട് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിരുന്നു. യുഎസിന്റെ നടപടി ന്യായീകരിക്കാനാവില്ലെന്നും, ആഗോള ഊർജ്ജ വിപണികളെ സ്ഥിരപ്പെടുത്തുന്നതിനും റഷ്യയുമായി വ്യാപാരത്തിൽ ഏർപ്പെടുന്നത് തുടരുന്നതിനും പാശ്ചാത്യ രാജ്യങ്ങൾ മുമ്പ് പിന്തുണച്ചിരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
മോസ്കോയിൽ, പ്രതിരോധ വ്യവസായ സഹകരണത്തെക്കുറിച്ച് ഡോവൽ കൂടുതൽ ചർച്ചകൾ നടത്തുമെന്നും പ്രതീക്ഷിക്കുന്നു. കൂടുതൽ എസ്-400 മിസൈൽ സംവിധാനങ്ങൾ വാങ്ങൽ, ഇന്ത്യയിൽ അറ്റകുറ്റപ്പണി അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കൽ, റഷ്യയുടെ Su-57 യുദ്ധവിമാനങ്ങൾ സ്വന്തമാക്കുന്നതിനുള്ള നീക്കങ്ങൾ എന്നിവയും ചർച്ചകളിൽ ഉൾപ്പെടും.
സ്വതന്ത്ര വിദേശനയം പിന്തുടരാനും ദേശീയ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തം നിലനിർത്താനുമുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമായാണ് സന്ദർശനത്തെ കാണുന്നത്.കൂടാതെ, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ഓഗസ്റ്റ് 27, 28 തീയതികളിൽ റഷ്യ സന്ദർശിക്കും. പ്രതിരോധം, ഊർജ്ജം, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളിലാണ് അദ്ദേഹത്തിന്റെ സന്ദർശനം.

