ഇസ്ലാമാബാദ് : ഗാസ സമാധാന കരാറിനെ പിന്തുണച്ചതിന് രണ്ട് ദിവസം മുൻപാണ് പാകിസ്ഥാൻ നേതൃത്വത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശംസിച്ചത് . എന്നാൽ ഇപ്പോഴിതാ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള വാഷിംഗ്ടണിന്റെ ’20-പോയിന്റ്’ നിർദ്ദേശത്തെ പിന്തുണയ്ക്കുന്നില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ . ട്രംപ് പ്രഖ്യാപിച്ച 20-പോയിന്റ് ഗാസ പദ്ധതി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ നിർദ്ദേശിച്ച കരടുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ഇഷാഖ് ദാർ പറയുന്നത് .
“പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി , ട്രംപ് പരസ്യമാക്കിയ ഈ 20 പോയിന്റുകൾ നമ്മുടേതല്ലെന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇവ നമ്മുടേതിന് സമാനമല്ല. ഞങ്ങളുടെ കരടിൽ, ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് എനിക്ക് മനസിലായി.” എന്നാണ് ഇഷാഖ് ദാർ ,” ദാർ പാർലമെന്റിൽ പാകിസ്ഥാൻ നിയമസഭാംഗങ്ങളോട് പറഞ്ഞത്.
ഗാസ ഭരിക്കുന്ന പലസ്തീൻ ഗ്രൂപ്പായ ഹമാസിനെ നിരായുധീകരിക്കാൻ നിർബന്ധിതമാക്കുന്നതാണ് യുഎസിന്റെ ഗാസ പ്ലാൻ . അമേരിക്കൻ പ്രസിഡന്റ് തന്നെ അധ്യക്ഷനായ ഒരു “സമാധാന സമിതി” ഗാസയെ നയിക്കുമെന്നും പദ്ധതി നിർദ്ദേശിക്കുന്നു.ഇസ്രായേൽ പലസ്തീൻ എൻക്ലേവിൽ നിന്ന് ഘട്ടം ഘട്ടമായി പിന്മാറുക, ബന്ദികളെ കൈമാറ്റം ചെയ്യുക, ഗാസയുടെ പുനർനിർമ്മാണം എന്നിവയ്ക്കുള്ള നിർദേശങ്ങളുമുണ്ട്.
കഴിഞ്ഞ ആഴ്ച തന്റെ പദ്ധതി പ്രഖ്യാപിച്ച ട്രംപ്, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും “100 ശതമാനം” ഇതിന് പിന്നിലുണ്ടെന്നും അവകാശപ്പെട്ടു.
ട്രംപ് പദ്ധതി പ്രഖ്യാപിച്ചതിനുശേഷം, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അതിനെ സ്വാഗതം ചെയ്യുകയും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
“മേഖലയിൽ രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക വളർച്ചയും കൊണ്ടുവരുന്നതിൽ പലസ്തീൻ ജനതയ്ക്കും ഇസ്രായേലിനും ഇടയിൽ നിലനിൽക്കുന്ന സമാധാനം അനിവാര്യമാണെന്ന് എനിക്ക് ബോധ്യമുണ്ട്,” X-ൽ ഒരു പോസ്റ്റിൽ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
എന്നാൽ ഷെഹ്ബാസ് ഷെരീഫ് ട്രംപ് പദ്ധതിയെ അംഗീകരിച്ചതിനെ വിമർശിച്ച് പാകിസ്ഥാൻ രാഷ്ട്രീയക്കാരും വിശകലന വിദഗ്ധരും പത്രപ്രവർത്തകരും ആക്ടിവിസ്റ്റുകളും രംഗത്ത് വന്നിട്ടുണ്ട്. “ഇത് മുസ്ലീം ലോകത്തിന്റെ പൂർണ്ണമായ കീഴടങ്ങലാണ്. കിഴക്കൻ ജറുസലേം തലസ്ഥാനമായുള്ള ഒരു പലസ്തീൻ രാഷ്ട്രത്തെക്കുറിച്ച് അവർക്ക് പരാമർശിക്കാൻ പോലും കഴിയില്ല.”എന്നാണ് ട്രമ്പിന്റെ ഗാസ പദ്ധതിയെ വിമർശിച്ച് പലരും പറയുന്നത്.പാകിസ്ഥാനിലെ മജ്ലിസ് വഹ്ദത്ത്-ഇ-മുസ്ലിമീൻ (എംഡബ്ല്യുഎം) പാർട്ടിയുടെ നേതാവ് അല്ലാമ രാജ നാസിർ അടക്കമുള്ളവരും പദ്ധതിയെ എതിർത്ത് രംഗത്ത് വന്നു.

