ഹരിദ്വാർ ; ഉത്തരകാശിയിൽ വീണ്ടും കനത്ത മഴ . കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡിനെ ഭയത്തിലാഴ്ത്തി മേഘവിസ്ഫോടനം ഉണ്ടായത് . ഇതിന്റെ രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും മഴ പെയ്തത്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസമായി. രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്ററുകൾ നിലത്തിറക്കി. റോഡ് ഗതാഗതവും തടസപ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞാണ് ധരാലി ഗ്രാമത്തിൽ പെട്ടെന്നുള്ള മണ്ണിടിച്ചിലും, വെള്ളപ്പൊക്കവുമുണ്ടായത്. സംഭവത്തിൽ നാല് പേർ മരിച്ചു, ഒമ്പത് സൈനികരെ കാണാതായി. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.
ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്ത് ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നാണ് ദുരന്തം . മലവെള്ളം കുന്നിൻചെരിവുകളിലേക്ക് കുതിച്ചൊഴുകിയെത്തി. ധരാലിയിലും പരിസര പ്രദേശങ്ങളിലും ചെളിവെള്ളം നിറഞ്ഞ അവസ്ഥയാണ് .ഹോട്ടലുകളും ഹോംസ്റ്റേകളും നിറഞ്ഞ വിനോദസഞ്ചാര കേന്ദ്രമായ ധരാലിയെ തകർത്തെറിഞ്ഞായിരുന്നു മേഘവിസ്ഫോടനം . ഗ്രാമത്തിന്റെ പകുതിയോളം അവശിഷ്ടങ്ങളിലും ചെളിയിലും മുങ്ങി. കുന്നിന്റെ എതിർവശത്ത് നിന്ന് സുക്കി ഗ്രാമത്തിലേക്കും മലവെള്ളം പാഞ്ഞെത്തി.
ഹരിദ്വാർ, നൈനിറ്റാൾ, ഉധം സിംഗ് നഗർ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഇന്ന് കനത്ത മഴയ്ക്കുള്ള റെഡ് അലേർട്ട് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റ് പ്രദേശങ്ങൾ ഓറഞ്ച് അലേർട്ടിലാണ്.ഡെറാഡൂൺ, നൈനിറ്റാൾ, തെഹ്രി, ചമോലി, രുദ്രപ്രയാഗ്, ചമ്പാവത്, പൗരി, അൽമോറ, ബാഗേശ്വർ ജില്ലകളിലെ സ്കൂളുകളും കോളേജുകളും അടക്കും.
ആന്ധ്രാപ്രദേശ് സന്ദർശനം വെട്ടിക്കുറച്ച മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഇന്നലെ വൈകുന്നേരം ഡെറാഡൂണിലേക്ക് മടങ്ങി, അടിയന്തര അവലോകന യോഗം ചേർന്നു. “ഇപ്പോൾ ഞങ്ങളുടെ മുൻഗണന ജീവൻ രക്ഷിക്കുക എന്നതാണ്,” അദ്ദേഹം പറഞ്ഞു. തിരച്ചിലും ദുരിതാശ്വാസ പ്രവർത്തനങ്ങളും വേഗത്തിലാക്കാനും ദുരിതബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ജില്ലാ അധികാരികൾക്ക് നിർദ്ദേശം നൽകി.
സംസ്ഥാനത്തുടനീളമുള്ള 163 റോഡുകളിൽ മണ്ണിടിച്ചിൽ ഉണ്ടായി. അഞ്ച് ദേശീയ പാതകൾ, ഏഴ് സംസ്ഥാന പാതകൾ, രണ്ട് അതിർത്തി റോഡുകൾ എന്നിവയും ഗതാഗതം നിലച്ച അവസ്ഥയിലാണ് . ഇത് രക്ഷാപ്രവർത്തകർക്ക് ദുരിതബാധിത പ്രദേശത്തേക്ക് പ്രവേശിക്കാൻ തടസ്സമായി. സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ അകലെയാണ് അപകടം നടന്ന പ്രദേശം.
അവശിഷ്ട്ങ്ങൾക്കിടയിൽ കുടുങ്ങിയ മൃതദേഹങ്ങൾ കണ്ടെത്താനായി ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ആദ്യമായി ശവശരീരങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നായ്ക്കളെ വിന്യസിക്കാൻ തീരുമാനിച്ചു. ഇവയെ ഡൽഹിയിൽ നിന്ന് വിമാനത്തിൽ എത്തിക്കും.
വിവിധ സ്ഥലങ്ങളിൽ നിന്ന് 35 രക്ഷാപ്രവർത്തകർ ഉൾപ്പെടുന്ന മൂന്ന് എൻഡിആർഎഫ് ടീമുകളെ ഇതിനകം സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട് . ഡെറാഡൂൺ വിമാനത്താവളത്തിൽ നിന്ന് രണ്ട് ടീമുകൾ കൂടി എയർലിഫ്റ്റിനായി കാത്തിരിക്കുന്നുമുണ്ട്.

