നടൻ പങ്കജ് ധീർ അന്തരിച്ചു. ബി.ആർ. ചോപ്രയുടെ ഇതിഹാസ പരമ്പരയായ ‘മഹാഭാരതത്തിൽ ‘ കർണനായി എത്തി ദശലക്ഷക്കണക്കിന് ഹൃദയങ്ങൾ കീഴടക്കിയ നടനാണ് പങ്കജ് ധീർ. 68 വയസ്സായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും.
ഏറെ നാളായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. 1981-ൽ പുറത്തിറങ്ങിയ ‘പൂനം’ എന്ന ചിത്രത്തിലൂടെയാണ് പങ്കജ് ധീർ തന്റെ അഭിനയ യാത്ര ആരംഭിച്ചത്. എന്നാൽ അത് ബോക്സ് ഓഫീസിൽ വിജയമായില്ല. മഹാഭാരതത്തിന്റെ 94 എപ്പിസോഡുകളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ഒരു എപ്പിസോഡിന് 3,000 രൂപയാണ് അന്ന് അദ്ദേഹത്തിന് ലഭിച്ചിരുന്നത്.
പങ്കജ് ധീർ തന്റെ കരിയറിൽ ഉടനീളം നിരവധി സിനിമകളിലും ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. ചന്ദ്രകാന്ത, ദി ഗ്രേറ്റ് മറാത്ത തുടങ്ങിയ നിരവധി പുരാണ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സോൾജിയർ, ബാദ്ഷാ, സഡക് തുടങ്ങിയ ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചു.

