ശ്രീനഗർ : ഈ വർഷം ജമ്മു കശ്മീരിൽ സുരക്ഷാസേന 75 ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ 60 ശതമാനവും പാക്കിസ്ഥാനിൽ നിന്നുള്ളവരാണെന്ന് സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തി . ഇതിനർത്ഥം ഇന്ത്യൻ സുരക്ഷാ സേന ഓരോ അഞ്ച് ദിവസത്തിലും ഒരു ഭീകരനെ കൊല്ലുന്നു എന്നാണ്.
നിയന്ത്രണരേഖയിലും , അന്താരാഷ്ട്ര അതിർത്തിയിലും നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട 17 ഭീകരരും ഉൾപ്രദേശങ്ങളിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 26 ഭീകരരും ഇതിൽ ഉൾപ്പെടുന്നു. വർദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണി തടയുന്നതിൽ സുരക്ഷാ സേനയുടെ നടപടികൾ സുപ്രധാന ചുവടുവെപ്പാണ്.
ജമ്മു മേഖലയിലെ ജമ്മു, ഉധംപൂർ, കത്വ, ദോഡ, രജൗരി എന്നീ അഞ്ച് ജില്ലകളിലായി 42 തീവ്രവാദികൾ കൊല്ലപ്പെട്ടു. കശ്മീർ താഴ്വരയിലെ ബാരാമുള്ള, ബന്ദിപോറ, കുപ്വാര, കുൽഗാം ഭാഗങ്ങളിലാണ് പാകിസ്ഥാനിൽ നിന്നുള്ള ഭീകരർ കൊല്ലപ്പെട്ടത്.
ജമ്മു കശ്മീരിലെ ഒമ്പത് ജില്ലകളിൽ വിദേശ ഭീകരരുടെ സാന്നിധ്യം കണ്ടെത്തി. ബാരാമുള്ളയിലാണ് ഏറ്റവുമധികം ഭീകരർ കൊല്ലപ്പെട്ടത്, ബാരാമുള്ളയിലെ വിദേശ ഭീകരരിൽ ഭൂരിഭാഗവും ഉറി സെക്ടറിലെ സബുര നല ഏരിയ, മെയിൻ ഉറി സെക്ടർ, കമാൽകോട്ട് ഉറി നിയന്ത്രണരേഖ, ചക് താപ്പർ എന്നിവിടങ്ങളാണ് ഒളിത്താവളങ്ങളാക്കിയത് .
നൗപോര, ഹഡിപോര, സാഗിപോര, വാട്ടർഗാം, രാജ്പോറ എന്നിവിടങ്ങളിലെ ഭീകരപ്രവർത്തനങ്ങൾ കുറയ്ക്കാൻ സൈന്യത്തിന് കഴിഞ്ഞു. പ്രധാനമായും പാക് ഭീകരർ ഈ മേഖലയിൽ സജീവമായിരുന്നു. ജമ്മു കശ്മീരിൽ പ്രാദേശിക തീവ്രവാദികളുടെ എണ്ണവും കുറഞ്ഞു. പ്രാദേശിക ഭീകരസംഘത്തെ ഏതാണ്ട് തുടച്ചു നീക്കിയതായി സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു
2024ൽ ജമ്മു കശ്മീരിലുടനീളം ഉണ്ടായ 60 ഭീകരാക്രമണങ്ങളിൽ 32 സാധാരണക്കാരും 26 സുരക്ഷാ സേനാംഗങ്ങളും ഉൾപ്പെടെ 122 പേർ കൊല്ലപ്പെട്ടിരുന്നു.