ന്യൂഡൽഹി : ഡൽഹിയിലെ തെക്ക്-പടിഞ്ഞാറൻ ജില്ലയിൽ നിന്ന് അഞ്ച് ബംഗ്ലാദേശികൾ അറസ്റ്റിൽ . ആകാശ്, ചമേലി ഖാത്തൂൺ, മുഹമ്മദ് നഹിം, ഹലീമ ബീഗം, മുഹമ്മദ് ഉസ്മാൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത് .പാലം ഗ്രാമത്തിൽ നിന്നാണ് ഇവർ പിടിയിലായത് . ബംഗ്ലാദേശി പൗരത്വവുമായി ബന്ധപ്പെട്ട രേഖകളുടെ ഫോട്ടോകോപ്പികളും പോലീസ് ഇവരിൽ നിന്നും കണ്ടെടുത്തു.
2017 ലാണ് ഇവർ ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തിയത്. തുടക്കത്തിൽ, ഹരിയാനയിലെ റെവാരി ജില്ലയിലെ ഇഷ്ടിക ചൂളകളിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്നു. എന്നാൽ കുറച്ച് കാലം മുമ്പ് അവരെ അവിടെ നിന്ന് പിരിച്ചുവിടുകയായിരുന്നു. ഇതിനുശേഷം, അവർ ഡൽഹിയിലെത്തി പാലം പ്രദേശത്ത് ജോലി അന്വേഷിക്കാൻ തുടങ്ങി.
ചോദ്യം ചെയ്തപ്പോൾ, ജീവിതം മെച്ചപ്പെടുത്താൻ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലെത്തിയതാണെന്നാണ് ഇവർ പറഞ്ഞത്. ഇവിടെ ജോലി ലഭിക്കുമെന്നും അവരുടെ ജീവിതം മെച്ചപ്പെടുമെന്നും തങ്ങൾ പ്രതീക്ഷിച്ചുവെന്നും അവർ പറഞ്ഞു. പാലം ഗ്രാമ പ്രദേശത്ത് ചില വിദേശ പൗരന്മാർ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് പോലീസ് ഓപ്പറേഷൻ സെല്ലിന് രഹസ്യ വിവരം ലഭിച്ചിരുന്നു . ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ, പോലീസ് അവരെ നിരീക്ഷിക്കുകയും തുടർന്ന് പിടികൂടുകയുമായിരുന്നു . ഇന്ത്യയിൽ അനധികൃതമായി താമസിച്ചതിന് ഇപ്പോൾ അവർക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണ്. ഡൽഹിയിലെ എഫ്ആർആർഒ (ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസ്) യുടെ സഹായത്തോടെ, എല്ലാവരെയും ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

