ഹൈദരാബാദ്: 13 കാരിയെ രണ്ടാം വിവാഹം കഴിച്ച 40 കാരൻ അറസ്റ്റിൽ. മെയ് 28 ന് തെലങ്കാനയിലെ രംഗ റെഡ്ഡിയിലാണ് സംഭവം . കാണ്ട്വാഡയിൽ നിന്നുള്ള ശ്രീനിവാസ് ഗൗഡയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചത് . ശ്രീനിവാസ് റെഡ്ഡിയുടെ ആദ്യ ഭാര്യയാണ് രണ്ടാം വിവാഹം നടത്തുന്നതിൽ മുൻകൈയെടുത്തതെന്ന് റിപ്പോർട്ടുണ്ട്.
ശൈശവ വിവാഹ നിരോധന നിയമപ്രകാരം ശ്രീനിവാസ് റെഡ്ഡി , ആദ്യ ഭാര്യ, പെൺകുട്ടിയുടെ അമ്മ, മധ്യസ്ഥൻ, ചടങ്ങ് നടത്തിയ പുരോഹിതൻ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . പെൺകുട്ടി തന്റെ സ്കൂൾ അധ്യാപികയോട് സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് വിവരം പുറത്തുവന്നത്.
തുടർന്ന് അധ്യാപകർ അധികൃതരെ അറിയിച്ചതിനെത്തുടർന്ന് ജില്ലാ ശിശു സംരക്ഷണ വകുപ്പും പോലീസും ഇടപെട്ട് പെൺകുട്ടിയെ രക്ഷപ്പെടുത്തി. പെൺകുട്ടി അമ്മയ്ക്കും സഹോദരനുമൊപ്പം വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പോലീസ് പറയുന്നതനുസരിച്ച്, മകളെ വിവാഹം കഴിപ്പിക്കാൻ അമ്മ ഏറെ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
തുടർന്ന് മധ്യസ്ഥൻ മുഖേന വിവാഹം നടത്തി. വിവാഹത്തിന് ശേഷം കഴിഞ്ഞ രണ്ട് മാസമായി പെൺകുട്ടി ശ്രീനിവാസിനൊപ്പം താമസിച്ചുവരികയായിരുന്നു . പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം തെലങ്കാനയിൽ ഇത്തരത്തിലുള്ള 60 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഈ വർഷം ഇതുവരെ 40 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
രക്ഷപ്പെടുത്തിയ പെൺകുട്ടിയെ സഖി സെന്ററിലേക്ക് മാറ്റിയതായി ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ പ്രവീൺ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

