ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാർക്ക് വീരമൃത്യു . ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു . ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദ് സംഘടനയിലെ ഭീകരരാണ് അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ചത്. തുടർന്ന് സംഘത്തിനെതിരെ ജമ്മു കശ്മീർ പോലീസിൻ്റെ നേതൃത്വത്തിൽ രാവിലെ 8 മണിയോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.
പ്രാദേശിക യുവാക്കളും ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ച് സുരക്ഷാ സേനയെ സഹായിക്കാൻ സജ്ജമാകുകയും ചെയ്തു.രാജ്ബാഗിലെ ഘടി ജുതാന മേഖലയിലെ ജാഖോലെ ഗ്രാമത്തിന് സമീപം നടന്ന ഏറ്റുമുട്ടലിൽ ഏകദേശം അഞ്ച് ഭീകരർ ഉൾപ്പെട്ടിരുന്നു. തെരച്ചിൽ സംഘത്തിന് നേതൃത്വം നൽകിയ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) ഉൾപ്പെടെ ആറ് പോലീസുകാർക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ജമ്മു കശ്മീർ പോലീസിൻ്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൻ്റെ (എസ്ഒജി) നേതൃത്വത്തിൽ സൈന്യത്തിൻ്റെയും സിആർപിഎഫിൻ്റെയും സഹായത്തോടെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി ഉന്നത സൈനിക വൃത്തങ്ങളും സ്ഥിരീകരിച്ചു.