മുംബൈ : മുംബൈയിൽ കനത്ത മഴ. പലയിടത്തും ജനജീവിതം സ്തംഭിച്ചു. റോഡുകൾ വെള്ളക്കെട്ടുകളായി മാറി. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം .മുംബൈയിലും റായ്ഗഡ് ജില്ലയിലും റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
നഗരത്തിലെ വിക്രോളി വെസ്റ്റ് പ്രദേശത്ത്, വർഷ നഗറിലെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ മണ്ണിടിച്ചിലിലാണ് രണ്ട് പേർ മരിച്ചത് . രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ രക്ഷാപ്രവർത്തകർ സ്ഥലത്തുണ്ട്.
സിയോൺ, കുർള, ചെമ്പൂർ, അന്ധേരി എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ് . സിയോണിലെ ഷൺമുഖാനന്ദ് ഹാൾ റോഡിൽ ഏകദേശം ഒന്നര അടി വരെ വെള്ളം ഉയർന്നു. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വാഹനങ്ങൾ കുടുങ്ങി. വെള്ളപ്പൊക്കം കാരണം അന്ധേരി സബ്വേ അടച്ചത് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു.
വെള്ളിയാഴ്ച രാവിലെ 8:30 നും ശനിയാഴ്ച പുലർച്ചെ 5:30 നും ഇടയിലുള്ള 21 മണിക്കൂറിനുള്ളിൽ, വിക്രോളിയിൽ 248.5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 11 നും ശനിയാഴ്ച പുലർച്ചെ 5 നും ഇടയിൽ കനത്ത മഴയാണ് നഗരത്തിൽ ഉണ്ടായത്. . ദാദർ ഫയർ ഡിപ്പാർട്ട്മെന്റ്, വോർളി സീഫേസ് എന്നിവയുൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങളിൽ വെറും അഞ്ച് മണിക്കൂറിനുള്ളിൽ 130 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്തു.
മുംബൈയിലും പരിസര പ്രദേശങ്ങളിലും അടുത്ത കുറച്ച് മണിക്കൂറുകളിൽ കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ, ജാഗ്രത പാലിക്കണമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുംബൈ വിമാനത്താവള പ്രവർത്തനങ്ങളെയും മഴ ബാധിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാർ അവരുടെ വിമാന നില പരിശോധിക്കണമെന്ന് ഇൻഡിഗോ എയർലൈൻസ് മുന്നറിയിപ്പ് നൽകി.

