ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിൽ ജയ്ഷെ ഭീകരൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങളും സഹായികളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സഹോദരി ഉൾപ്പെടെ 10 കുടുംബാംഗങ്ങളാണ് മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിന് പുറമേ മസൂദ് അസറിന്റെ അടുത്ത അനുയായികളായ നാല് പേരും കൊല്ലപ്പെട്ടു.
പാകിസ്താനിലെ ഭൽവാൽപൂരിൽ നടത്തിയ പ്രത്യാക്രമണത്തിലാണ് മസൂദ് അസർ കനത്ത തിരിച്ചടി നേരിട്ടത്. ഭീകരന്റെ മുതിർന്ന സഹോദരി, സഹോദരിയുടെ ഭർത്താവ്, അനന്തിരവൻ, ഭാര്യ, അനന്തിരവൾ, അഞ്ച് കുട്ടികൾ എന്നിവരാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. മസൂദ് അസറിന്റെ രണ്ട് അനുയായികളും, അമ്മയുടെ സഹായികളുമാണ് കൊല്ലപ്പെട്ട മറ്റ് നാല് പേർ. മിന്നലാക്രമണത്തിന് പിന്നാലെ മസൂദ് അസർ തന്നെയാണ് അന്താരാഷ്ട്ര മാദ്ധ്യമത്തോട് കുടുംബാംഗങ്ങളെ നഷ്ടമായ വിവരം അറിയിച്ചത് എന്നാണ് റിപ്പോർട്ട്.

