ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ ആളുകൾക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആയിരുന്നു ഇയാൾ സംഘർഷത്തിനിടെ ആൾക്കൂട്ടത്തിലേക്ക് കാറോടിച്ച് കയറ്റിയത്.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ മൂന്ന് പേർ ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച ആയിരുന്നു സംഭവം ഉണ്ടായത്. സ്കെറീസിലെ ഹാർബർ റോഡിൽ ചെറുപ്പക്കാരുടെ സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയാണ് യുവാവ് ഇവർക്കിടയിലേക്ക് കാറോടിച്ച് കയറ്റിയത്. യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

