കൊച്ചി : ചേരാനല്ലൂരിൽ 55 കാരന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ ഓടിച്ച 17 കാരന്റെ മൊഴി പുറത്ത് . വാഹനം ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് മാതാപിതാക്കൾ അറിയാതെ കാർ എടുത്തതെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത് . അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നതിനാൽ, റോഡിലുണ്ടായിരുന്ന സ്കൂട്ടർ വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നും കുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. 17 കാരൻ ഓടിച്ച ആഢംബര കാറിടിച്ച് മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണൻ (55) ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ 3 മണിക്കാണ് അപകടം നടന്നത്. ചിറ്റൂരിന് സമീപം തട്ടുകട നടത്തിയിരുന്ന ജയബാലകൃഷ്ണൻ, കട അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അതിവേഗതയിൽ വന്ന ബെൻസ് കാർ അദ്ദേഹത്തിന്റെ സ്കൂട്ടറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു.
ജയബാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. കാർ ഓടിച്ച 17 വയസ്സുകാരൻ ഇരിങ്ങാലക്കുട കോടതിയിലെ ജഡ്ജി റിനോ ഫ്രാൻസിസിന്റെ മകനാണ്. ഈ കാർ ജഡ്ജിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് വിവരം. അതേസമയം 17 കാരനെ ജാമ്യം നൽകി വിട്ടയച്ചതിൽ ആഭ്യന്തരമന്ത്രിയ്ക്ക് അതൃപ്തി ഉണ്ടെന്നാണ് റിപ്പോർട്ട്.
വിഷയത്തിൽ അടിയന്തിര നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് നിർദേശം നൽകി. അപകടവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി നേരിട്ട് അന്വേഷണം നടത്തും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേശ്വറിന് കാരണം കാണിക്കൽ നോട്ടീസ് നൽകും.

