ന്യൂഡൽഹി : അനധികൃതമായി ഇന്ത്യൻ അതിർത്തിക്കുള്ളിൽ പ്രവേശിച്ച നാല് പാകിസ്ഥാൻ മത്സ്യത്തൊഴിലാളികളെ ബിഎസ് എഫ് പിടികൂടി. ഇവരുടെ ബോട്ടും സുരക്ഷാസേന പിടിച്ചെടുത്തു. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള അതീവ സുരക്ഷാ മേഖലയായ ‘സർ ക്രീക്കി’ന് സമീപത്ത് വച്ചാണ് ഇവർ പിടിയിലായത്.
ഇന്ത്യ-പാകിസ്ഥാൻ സമുദ്രാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന, പ്രദേശത്ത് പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് സുരക്ഷാസേന സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ കണ്ടത്.പിടിയിലായ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങളോ ബോട്ടിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളോ ബിഎസ്എഫ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഗുജറാത്തിലെ കച്ച് ജില്ലയിൽ, ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സർ ക്രീക്ക് മേഖല, അതീവ സുരക്ഷാ പ്രാധാന്യമുള്ള പ്രദേശമാണ്.വിശാലമായ ചതുപ്പുനിലങ്ങളും വേലിയേറ്റം മൂലം രൂപപ്പെടുന്ന ജലപാതകളും, മാറിക്കൊണ്ടിരിക്കുന്ന ജലനിരപ്പും ഉള്ള ഈ പ്രദേശത്ത് നിരീക്ഷണവും പട്രോളിംഗും നടത്തുക എന്നത് സുരക്ഷാ സേനയെ സംബന്ധിച്ചിടത്തോളം വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്.
അനധികൃത അതിർത്തി കടക്കൽ, നുഴഞ്ഞുകയറ്റം, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി ബിഎസ്എഫ് ഈ മേഖലയിൽ സ്ഥിരമായി പട്രോളിംഗ് നടത്തിവരാറുണ്ട്. അന്താരാഷ്ട്ര അതിർത്തിക്ക് സമീപമുള്ള ജലാശയങ്ങളിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ, പാകിസ്ഥാൻ മത്സ്യത്തൊഴിലാളികൾ പലപ്പോഴും അറിയാതെ ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് കടന്നുവരാറുണ്ട്.
മുൻപും സർ ക്രീക്ക് മേഖലയിൽ നിന്ന് , ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ പാകിസ്ഥാൻ മത്സ്യത്തൊഴിലാളികളെ പിടികൂടുകയും ഉപേക്ഷിക്കപ്പെട്ട നിലയിൽ മത്സ്യബന്ധന ബോട്ടുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

