ഡബ്ലിൻ: അയർലൻഡിൽ സ്കൂളുകളുടെ പ്രവൃത്തി സമയങ്ങളിൽ മാറ്റം വന്നേക്കുമെന്ന് സൂചന. കുട്ടികൾക്ക് കൂടുതൽ ഇടവേളകൾ നൽകുന്ന രീതിയിൽ സമയം പുന: ക്രമീകരിക്കാനാണ് ബന്ധപ്പെട്ടവർ ആലോചിക്കുന്നത്. ഇതോടെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ശേഷം നൽകുന്ന ഇടവേള ഉൾപ്പെടെ വർധിപ്പിച്ചേക്കും.
ഫിൻലാൻഡിനെ മാതൃകയാക്കിക്കൊണ്ടാണ് ക്ലാസുകളുടെ സമയക്രമം അയർലൻഡ് സർക്കാർ പരിഷ്കരിക്കുന്നത്. കുട്ടികൾ ദിവസം മുഴുവനും തുടർച്ചയായി ക്ലാസ് മുറികളിൽ ഇരിക്കുന്നതിന് പകരം അവർക്ക് ക്ലാസിന് പുറത്ത് കൂടുതൽ സമയം ചിലവഴിക്കാൻ അവസരം നൽകുന്നതാണ് ഫിൻലാൻഡിലെ രീതി. ഇക്കഴിഞ്ഞ ജനുവരിയിൽ അയർലൻഡ് വിദ്യാഭ്യാസ മന്ത്രി ഫിൻലാൻഡ് സന്ദർശിച്ചിരുന്നു. ഇവിടെവച്ച് സ്കൂളുകളുടെ പ്രവർത്ത രീതികൾ സമഗ്രമായി നിരീക്ഷിക്കുകയായിരുന്നു. ഇതോടെയാണ് ഫിൻലാൻഡ് മാതൃക പരിഗണിക്കാൻ തീരുമാനിച്ചത്.

