ഡബ്ലിൻ: പ്രമുഖ ഫാർമസിയായ ബൂട്ട്സിനെതിരെ ഹൈക്കോടതിയെ സമീപിച്ച് യുവതി. മൈഗ്രെയ്നിനായി വാങ്ങിയ മരുന്ന് കഴിച്ച ശേഷം സ്ട്രോക്ക് അനുഭവപ്പെട്ടതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. ഫാർമസി അശ്രദ്ധമായി മരുന്ന് കൈകാര്യം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
സിഗ്രിഡ് ഓ മെയറ എന്നാണ് പരാതിക്കാരിയുടെ പേര്. ഡിപ്രഷനുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾക്ക് പരാതിക്കാരി മരുന്നു കഴിക്കുന്നുണ്ടായിരുന്നു. ഇക്കാര്യം ഫാർമസിയിലെ ജീവനക്കാരെ യുവതി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ മരുന്നുകളോട് പ്രതിവർത്തനമുണ്ടാകുന്ന മരുന്ന് ആയിരുന്നു മൈഗ്രയ്ൻ മാറാൻ ഫാർമസി യുവതിയ്ക്ക് നൽകിയത്. വീട്ടിലെത്തി മരുന്ന് കഴിച്ച യുവതിയ്ക്ക് തലച്ചോറിൽ ആന്തരിക രക്തസ്രാവം അനുഭവപ്പെടുകയായിരുന്നു.

