ബെൽഫാസ്റ്റ്: നോർതേൺ അയർലന്റ് തീരത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം. ചത്തതോ അവശനിലയിലായതോ ആയ പക്ഷികൾക്ക് സമീപം പോകുകയോ അവയെ തൊടുകയോ ചെയ്യരുതെന്ന് കൃഷിവകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസമാണ് തീരമേഖലയിൽ കടൽപക്ഷികളിൽ പക്ഷിപ്പനി ബാധ കണ്ടെത്തിയത്.
ചത്തതോ അവശനിലയിലോ ആയ പക്ഷികളുടെ സമീപം പോകുകയോ അവയെ തൊടുകയോ വീട്ടിലേക്ക് കൊണ്ടുവരികയോ ചെയ്യരുത്. ഇത് വൈറസ് ബാധിയ്ക്കാൻ കാരണമാകും.അവശനിലയിൽ കാണപ്പെടുന്ന വളർത്തുപക്ഷികളിൽ നിന്നും അകലം പാലിക്കണം. പക്ഷികളെ അവശനിലയിൽ കണ്ടാൽ മറ്റു മൃഗങ്ങളെ അവയുടെ സമീപത്ത് നിന്നും മാറ്റി പാർപ്പിക്കണമെന്നും കൃഷിവകുപ്പ് മുന്നറിയിപ്പ് നൽകി.
ഇതുവരെ 25 കടൽ പക്ഷികളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. അടുത്തിടെ തീരമേഖലയിൽ കടൽ പക്ഷികൾ കൂട്ടത്തോടെ ചാകുന്നുണ്ടായിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി പടരുന്നതായി കണ്ടെത്തിയത്.

