ഡബ്ലിന്‍: ഐറിഷ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാത്രി 10 മണിവരെ പോളിംഗ് സ്റ്റേഷനുകള്‍ തുറന്നിരിക്കും. രാജ്യത്തെ 5,500-ലധികം പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് നടക്കുന്നുണ്ട് . ഏകദേശം 36 ലക്ഷം പേര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്.
രഹസ്യ ബാലറ്റ് ആയതിനാല്‍, വോട്ടര്‍ ആരെ വോട്ടു ചെയ്തെന്നത് വ്യക്തമാക്കുന്ന സെല്‍ഫികളോ ചിത്രങ്ങളോ എടുക്കുന്നത് നിയമവിരുദ്ധമാണ്. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയമനടപടി നേരിടേണ്ടി വരുമെന്ന് ഇലക്ഷന് കമ്മീഷന് മുന്നറിയിപ്പ് നല്കി.
പോളിംഗ് കാര്‍ഡ് നിര്‍ബന്ധമല്ലെങ്കിലും, അത് കൊണ്ടുവരുന്നത് സൗകര്യപ്രദമാണെന്ന് അധികൃതര്‍ പറഞ്ഞു .പാസ്പോര്‍ട്ട്, പബ്ലിക് സര്‍വീസ് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, അല്ലെങ്കില്‍ വിലാസം തെളിയിക്കുന്ന ബാങ്ക് കാര്‍ഡ് മുതലായ രേഖകള്‍ മതിയാകും.എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പെന്‍സില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം പെന്‍ അല്ലെങ്കില്‍ പെന്‍സില്‍ ഉപയോഗിക്കാം.
വോട്ടെണ്ണല്‍ നാളെ രാവിലെ 9 മണിക്ക് ആരംഭിക്കും.വൈകുന്നേരത്തോടെ തന്നെ വിജയിയെ അറിയാനാവും.

