ഡബ്ലിൻ: ഡബ്ലിനിൽ കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ വ്യക്തിയെ വിട്ടയച്ച് അന്വേഷണ സംഘം. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിന് ശേഷമാണ് 20 വയസ്സുകാരനെ വിട്ടയച്ചത്. ബുധനാഴ്ച ആയിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. യുവാവിന് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
67 വയസ്സുകാരനെയാണ് മരിച്ച നിലയിൽ കണ്ടത്. ഡബ്ലിൻ 8 ലെ അപ്പാർട്ട്മെന്റിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. കുത്തേറ്റ നിലയിൽ ആയിരുന്നു മൃതദേഹം. ഇതിന് പിന്നാലെ ബുധനാഴ്ച യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടേണ്ടതാണ്.

