ഹൈന്ദവർ ഏറെ ഭക്തിയോടെ ചൊല്ലുന്ന മന്ത്രമാണ് ഹനുമാൻ ചാലിസ. പ്രശസ്ത കവിയായ തുളസീദാസ് രചിച്ച ഹനുമാൻ ചാലിസയിൽ നാല്പത് ശ്ലോകങ്ങളാണ് ഉള്ളത് . പ്രായഭേദമന്യേ ആർക്കും തികഞ്ഞ ഭക്തിയോടെ ഹനുമാൻ ചാലിസ ചൊല്ലാം.
കുളി കഴിഞ്ഞ് ശുദ്ധമായ മനസും, ശരീരവുമായി വേണം ഹനുമാൻ ചാലിസ ജപിക്കാൻ. ഉന്മേഷവും , ആശ്വാസവും പ്രദാനം ചെയ്യുന്ന ഒന്നാണ് ഹനുമാൻ ചാലിസ. ദിനവും ഇത് ജപിക്കുകയാണെങ്കിൽ ദുർഭൂതങ്ങൾ അകന്നു പോകും എന്നാണ് പറയപ്പെടുന്നത് . ജീവിതത്തിൽ ഉയർച്ച കൊണ്ടു വരാൻ ഇത് സഹായിക്കും. ഹനുമാന്റെ ദൈവികമായ അനുഗ്രഹം ഓരോ കാര്യത്തിലും പ്രതിഫലിക്കും.
എന്നും ഹനുമാൻ ചാലിസ ചൊല്ലുന്നത് വഴി ശനിയുടെ ദോഷഫലങ്ങൾ കുറയ്ക്കാനാകും.ജാതകത്തിൽ ശനി ദോഷമുള്ളവർ ഹനുമാൻ ചാലിസ ചൊല്ലുന്നത് അത്യൂത്തമമാണ്. ശനിയാഴ്ച്ചകളിലാണ് ജപിക്കുന്നതെങ്കിൽ ഫലം ഇരട്ടിയാണ്.അനാവശ്യമായ നെഗറ്റീവ് എനർജി നൽകുന്ന സാഹചര്യങ്ങളെ ഒഴിവാക്കി നിർത്താനും, സമാധാനവും ഐശ്വര്യവും പ്രദാനം ചെയ്യാനും ഇത് സഹായിക്കും. ദുഷ്ടശക്തികളെ അകറ്റി നിർത്താനുള്ള കഴിവ് ഹനുമാനുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത് .
അതിനാൽ തന്നെ ഹനുമാൻ ചാലിസ ജപിക്കുന്നതിലൂടെ രാത്രിയിൽ ദു:സ്വപ്നങ്ങൾ കാണുന്നതും,ഭയന്ന് എഴുന്നേൽക്കുന്നതുമെല്ലാം ഒഴിവാക്കാം സാധിക്കും.അറിഞ്ഞോ അറിയാതെയോ ഈ പ്രപഞ്ചത്തിൽ എന്തിനോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാനും, ക്ഷമ ചോദിക്കാനും ഹനുമാൻ ചാലിസ ചൊല്ലാം.
മഹാഗണപതിയ്ക്ക് തുല്യമായി ജീവിതത്തിലെ എല്ലാ തടസങ്ങളും നീക്കാൻ ഹനുമാൻ സ്വാമിയ്ക്ക് കഴിയുമെന്നാണ് വിശ്വാസം. അതിനാൽ സ്വയം അർപ്പിച്ച് ഹനുമാൻ ചാലിസ ചൊല്ലിയാൽ ഹനുമാന്റെ ദൈവികമായ സംരക്ഷണം ലഭിക്കും .പുലർച്ചെയാണ് ഹനുമാൻ ചാലിസ ചൊല്ലുന്നതെങ്കിൽ നിങ്ങളുടെ ആ ദിവസം ഏറ്റവും മികച്ചതായി മാറും.

