ഡബ്ലിൻ: ക്രൈസ്തവ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈസ്റ്റർ. എല്ലാ ക്രിസ്തീയ വിശ്വാസികളും ഈ ദിനത്തെ സുപ്രധാന പുണ്യദിനമായി കണക്കാക്കുന്നു. കുരിശുമരണത്തിന് ശേഷമുള്ള യേശുവിന്റെ ഉയർത്തെഴുന്നേൽപ്പാണ് ഈസ്റ്റർ. അതുകൊണ്ട് തന്നെ വിശ്വാസികൾക്ക് ഈസ്റ്റർ ആഘോഷങ്ങളുടെ ദിനം കൂടിയാണ്.
ഐറിഷ് ജനതയുടെ ഈസ്റ്റർ ആഘോഷങ്ങൾക്ക് വ്യത്യസ്തത ഏറെയാണ്. പ്രാർത്ഥനകളിലും ശുശ്രൂഷകളിലും പങ്കുകൊള്ളുന്നതിന് പുറമേ പ്രത്യേക രീതിയിലായിരിക്കും അന്നത്തെ ദിനം കടന്ന് പോകുക. ഈസ്റ്റർ ദിനത്തിൽ അയർലൻഡിലെ ക്രൈസ്തവർ ആദ്യം കഴിക്കുക പുഴുങ്ങിയ മുട്ടയാണെന്നാണ് പറയപ്പെടുന്നത്.
ആഷ് ബുധൻ ദിവസം ചുമരുകളിൽ തൂക്കിയിടുന്ന മാംസങ്ങൾ ഈസ്റ്റർ ദിനത്തിൽ തീയിലേക്ക് എറിയും. ഈ മാംസങ്ങൾ വേവുമ്പോഴുള്ള ഗന്ധം വീടുകളെ സുഗന്ധപൂരിതമാക്കുമെന്നാണ് പറയപ്പെടുന്നത്. ഞായറാഴ്ച രാവിലെ തന്നെ പ്രാർത്ഥനകളിലും ശുശ്രൂഷകളിലും പങ്കുകൊള്ളാൻ വിശ്വാസികൾ പള്ളികളിലേക്ക് പോകും. ഉച്ചവരെ പള്ളികളിലാണ് ചിലവിടാറ്.
ലീക്ക് സൂപ്പ്, റോസ്റ്റ് സ്പ്രിംഗ് ലാംബ്, കോൺഡ് ബീഫ്, ബേക്ക്ഡ് ഹാം, വേവിച്ച ബേക്കൺ എന്നിവ ഈസ്റ്ററിന് വിളമ്പുന്ന പരമ്പരാഗത ഭക്ഷണമാണ്. ബാംബ്രാക്ക് എന്ന മധുരമുള്ള ബ്രെഡ്ഡും, സിംനെൽ കേക്കും ഉച്ചഭക്ഷണത്തിന് ശേഷം കഴിക്കാറുണ്ട്. സായാഹ്നങ്ങളിൽ ചില കളികളിലും ഐറിഷ് ജനത ഏർപ്പെടാറുണ്ട്.

