ഡബ്ലിൻ: അയർലൻഡിൽ കുടിയേറ്റക്കാരെ നാടുകടത്താൻ വിമാനങ്ങൾക്ക് വേണ്ടി മാത്രം സർക്കാരിന് ചിലവായത് 1.6 മില്യൺ യൂറോയിലധികം തുക. നീതിന്യയ വകുപ്പ് മന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ആദ്യമാസം വിമാനങ്ങൾക്ക് വേണ്ടി ചിലവഴിച്ച തുകയാണ് ഇത്. മറ്റ് ചിലവുകൾ കൂടി കണക്കാക്കുമ്പോൾ വലിയൊരു സംഖ്യതന്നെയാണ് വിദേശികളെ നാടുകടത്തുന്നതിനായി സർക്കാർ ചിലവിട്ടിരിക്കുന്നത്.
ജനുവരി 1 മുതൽ ഏപ്രിൽ 15 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. വിവരാവകാശ രേഖകൾ പ്രകാരം വിമാനങ്ങൾക്കായി സർക്കാർ 1,660,931.18 യൂറോ ചിലവഴിച്ചു. വാണിജ്യ വിമാനങ്ങൾ നടത്തിയ റിട്ടേണുകൾക്കായി 941,288.93 യൂറോ ചിലവാക്കിയപ്പോൾ ചാർട്ടേർഡ് വിമാനങ്ങൾക്കായി 719,642.25 യൂറോയും സർക്കാരിന് ചിലവാക്കേണ്ടതായി വന്നു. ഈ വർഷം ജനുവരി മുതൽ ജൂൺ 12 വരെ 1,034 പേരെയാണ് നാടുകടത്തിയിട്ടുള്ളത്.

