ഡബ്ലിൻ: അയർലന്റിൽ നിന്നും കുടിയേറിപ്പാർക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകൾ. ഡിപ്പാർട്ട്മെന്റ് ഓഫ് എന്റർപ്രൈസ് നടത്തിയ പഠനത്തിലാണ് രാജ്യം വിടുന്നവരിൽ ഏറ്റവും കൂടുതൽ പേർ സ്ത്രീകളാണെന്ന് വ്യക്തമായിരിക്കുന്നത്. 2020 മുതൽ വിദേശത്തേയ്ക്ക് കുടിയേറിപ്പാർക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ 56 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
രാജ്യത്തെ താമസ ചിലവ് വർദ്ധിക്കുന്നതാണ് സ്ത്രീകൾ വൻതോതിൽ രാജ്യം വിടുന്നതിനുള്ള കാരണം എന്നാണ് സൂചന. 2020 മുതൽ 2024 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ അയർലന്റ് വിട്ട പുരുഷന്മാരുടെ എണ്ണം 12 ശതമാനം ആണ്. എന്നാൽ ഇതിന്റെ ഇരട്ടിയാണ് സ്ത്രീകളുടെ എണ്ണം. ഇതിൽ 15 നും 24 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കിടയിലാണ് വിദേശരാജ്യങ്ങളിൽ പോയി താമസിക്കുന്നതിനുള്ള താത്പര്യം കൂടുതലായി കാണപ്പെടുന്നത്.
രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിക്കുമ്പോൾ ആളുകൾ വിദേശരാജ്യങ്ങളിലേക്ക് കുടിയേറിപ്പാർക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അയർലന്റിലെ തൊഴിൽ പശ്ചാത്തലവും സമ്പദ് വ്യവസ്ഥയും ശക്തമാകുന്ന സാഹചര്യത്തിൽ സ്ത്രീകൾ വ്യാപകമായി രാജ്യം വിടുന്നത് അസാധാരണമാണെന്നും പഠനം അഭിപ്രായപ്പെടുന്നുണ്ട്. 2009 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിയായിരുന്നു അയർലന്റിൽ അനുഭവപ്പെട്ടിരുന്നത്. ഈ സമയങ്ങളിൽ വിദേശരാജ്യങ്ങളിലേക്ക് തൊഴിൽതേടി പോകുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിരുന്നു. എന്നാൽ സാഹചര്യം അനുകൂലമായിരിക്കെ ആളുകൾ രാജ്യം വിടുന്നതിന് പിന്നിൽ പല കാരണങ്ങളും ഉണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
ആളുകൾ കൂടുതലായി വിദേശരാജ്യങ്ങളിലേക്ക് പോകാനും, അവിടെ താമസം ആക്കാനും ആഗ്രഹിക്കുന്നു. ഇതും അയർലന്റിലെ ഉയർന്ന താമസ ചിലവുമാണ് ആളുകളെ വിദേശരാജ്യങ്ങളിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്നത്.

