ഡബ്ലിൻ: ഹെയ്തിയിൽ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയ ഐറിഷ് വനിത ജെന ഹെരാട്ടിയുമായി സംസാരിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജെനയോട് ഫോണിലൂടെയായിരുന്നു അദ്ദേഹം സംസാരിച്ചത്. സംഭാഷണത്തിന് ശേഷം തനിക്ക് വലിയ ആശ്വാസം ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രാത്രിയിൽ ജെന ഹെരാട്ടിയുമായി സംസാരിച്ചു. ജെനയുമായുള്ള സംഭാഷണത്തിന് ശേഷം വലിയ ആശ്വാസം ലഭിച്ചു. ജെനയുടെ ധീരതയ്ക്കും പ്രതിബദ്ധതയ്ക്കും അതിരുകളില്ല. അസാധാരണമായ ധൈര്യവും, സമാധാനത്തോടുള്ള പ്രതിബദ്ധതയും, ഹെയ്തിയിലെ ഏറ്റവും ദുർബലരായവർക്കുവേണ്ടി പതിറ്റാണ്ടുകളുടെ സമർപ്പണവും ഉള്ള ഒരാളാണ് ജെനയെന്നും സൈമൺ ഹാരിസ് വ്യക്തമാക്കി. ഹെയ്തിയിലെ ജനങ്ങൾക്കും ഹെയ്തിയുടെ സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കാൻ ജെന ആവശ്യപ്പെട്ടെന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.

