ചെന്നൈ: തമിഴ്നാട് മുൻ ബിജെപി പ്രസിഡന്റ് കെ. അണ്ണാമലൈ രാജിവച്ചതായി റിപ്പോർട്ട് . ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിനെയും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി (സംഘടന) ബി.എൽ. സന്തോഷിനെയും കണ്ട് അഞ്ച് പേജുള്ള രാജി കത്ത് സമർപ്പിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തുവെന്നും അണ്ണാമലൈ അത് നിരസിച്ചതായും പറയപ്പെടുന്നു. മതേതരവും , തമിഴിന് പ്രഥമസ്ഥാനവും എന്ന കാഴ്ചപ്പാടോടെ പുതിയ പ്രാദേശിക രാഷ്ട്രീയ പാർട്ടി ആരംഭിക്കാൻ അണ്ണാമലൈ പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. അതേസമയം ഇന്ന് വൈകുന്നേരം അദ്ദേഹം അമിത് ഷായുമായും ചർച്ച നടത്തും.
എട്ട് മാസത്തിനുള്ളിൽ നിർദ്ദിഷ്ട സംഘടന ആരംഭിച്ച് , തമിഴ്നാട്ടിലെ ബി.ജെ.പി.ക്കും ദ്രാവിഡ പ്രമുഖർക്കും ബദലായി മാറ്റുകയാണ് ലക്ഷ്യം.തമിഴ്നാട്ടിലെ പാർട്ടിയുടെ രാഷ്ട്രീയ തന്ത്രത്തെച്ചൊല്ലി അണ്ണാമലൈയും ബിജെപിയുടെ കേന്ദ്ര നേതൃത്വവും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾക്ക് പിന്നാലെയാണ് പുതിയ സംഭവവികാസം. എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള ബിജെപിയുടെ തീരുമാനത്തിലും, അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ കാര്യത്തിലും അണ്ണാമലൈ അതൃപ്തനാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
സിബിഎസ്ഇ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് ത്രിഭാഷാ ഫോർമുല നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ അദ്ദേഹം അടുത്തിടെ വിമർശിച്ചിരുന്നു. ഈ നീക്കം തമിഴ്നാട്ടിലെ മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 2020 ലാണ് ഐപിഎസ് ഓഫീസറായ അണ്ണാമലൈ ബിജെപിയിൽ ചേർന്നത്. 2025 ൽ അദ്ദേഹത്തെ മാറ്റി നൈനാർ രാജേന്ദ്രനെ ബിജെപി അധ്യക്ഷനായി നിയമിച്ചതോടെയണ് അദ്ദേഹം ബിജെപി കേന്ദ്രനേതൃത്വവുമായി ഇടഞ്ഞത്.

