ഡബ്ലിൻ: അനിശ്ചിതകാല സമരം ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ സ്കൂൾ സെക്രട്ടറിമാരും കെയർടേക്കർമാരും ഇന്ന് യോഗം ചേരും. വൈകീട്ട് ഡബ്ലിനിലെ ഫോർസയുടെ ആസ്ഥാനത്താണ് യോഗം ചേരുക. വ്യാഴാഴ്ച മുതലാണ് തൊഴിലാളി സംഘടനയായ ഫോർസിലെ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
2600 സ്കൂൾ സെക്രട്ടറിമാരും കെയർടേക്കർമാരുമാണ് ഫോർസയിൽ അംഗമായിരിക്കുന്നത്. ഇവരുടെ സമരം 2000 സ്കൂളുകളിലെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച സമരം ആരംഭിക്കാനിരിക്കെ വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷനുമായി നാളെ സംഘടനയിലെ തൊഴിലാളികൾ കൂടിക്കാഴ്ച നടത്തും. പബ്ലിക് സർവ്വീസ് പെൻഷൻ പദ്ധതിയിൽ നിന്നും തുടർച്ചയായി ഒഴിവാക്കപ്പെടുന്നതിൽ പ്രതിഷേധിച്ചാണ് സ്കൂൾ സെക്രട്ടറിമാരും കെയർടേക്കർമാരും സമരം നടത്തുന്നത്.

