ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ വംശീയ കുറ്റകൃത്യങ്ങൾ റെക്കോർഡ് നിലയിൽ എത്തിയതായി റിപ്പോർട്ട്. ഈ വർഷം ജൂൺ 30 വരെയുള്ള 12 മാസങ്ങൾക്കിടെ 2,048 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം വംശീയ കുറ്റകൃത്യങ്ങളിൽ വർദ്ധനവ് ഉണ്ടാകുന്നതിൽ ആംനസ്റ്റി ഇന്റർനാഷണൽ ആശങ്ക അറിയിച്ചു.
2004-5 മുതലാണ് നോർതേൺ അയർലൻഡിൽ വംശീയ കുറ്റകൃത്യങ്ങളുടെ കണക്കുകൾ ശേഖരിക്കാൻ ആരംഭിച്ചത്. ഇതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണ് 2024-25 കാലഘട്ടത്തിൽ രേഖപ്പെടുത്തിയത്. ഇതിന് മുൻപിലുള്ള 12 മാസങ്ങളെ അപേക്ഷിച്ച് വംശീയ വിദ്വേഷ സംഭവങ്ങളിൽ 646 ഉം, വംശീയ വിദ്വേഷ കുറ്റകൃത്യങ്ങൾ 434 ഉം വർദ്ധിച്ചു. 2024-25 കാലഘട്ടത്തിൽ നടന്ന കുറ്റകൃത്യങ്ങളിൽ പകുതിയോളം റിപ്പോർട്ട് ചെയ്തത് ബെൽഫാസ്റ്റിലാണ്.

